മിഥിലയില്‍, ജനകരാജാവ് വിശ്വാമിത്രനെയും രാജകുമാരന്മാരെയും സ്വാഗതം ചെയ്തു. രാമന്‍ താടകയെ വധിച്ചതും സുബാഹുവിനെ പരാജയപ്പെടുത്തിയതും അഹല്യയെ മോചിപ്പിച്ചതും മഹര്‍ഷിയില്‍ നിന്നും അറിഞ്ഞ ജനകന്‍, രാജസഭയില്‍ പരമശിവന്റെ ദിവ്യമായ ത്രയംബകം വില്ല് കുമാരന്മാര്‍ക്ക് കാണിച്ചുകൊടുത്തു. ആ വില്ലുകുലച്ച് ഒടിക്കുന്നവന് തന്റെ മകള്‍ സീതയുടെ കൈ പിടിക്കാമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വിശ്വാമിത്രന്റെ അനുമതിയോടെ രാമന്‍ ആദരപൂര്‍വ്വം അതിഭാരമേറിയ ത്രയംബകം വില്ല് ഉയര്‍ത്തി ഞാണ്‍ മുറുക്കി നിഷ്പ്രയാസം ഒടിച്ചു.
ജനകന്‍ അതീവ സന്തോഷത്തോടെ രാമനെ സീതയുടെ വരനായി ആലിംഗനത്തോടെ സ്വാഗതം ചെയ്തു. പ്രശോഭമായ പട്ടുവസ്ത്രങ്ങളാലും സ്വര്‍ണ്ണരത്‌നാഭരണങ്ങളാലും അലംകൃതയായ സീത രാമനെ മാലയിട്ടു സ്വീകരിച്ചു. വിഷ്ണുവിന്റെയും യോഗമായയുടെയും ദിവ്യസംയോഗം അങ്ങിനെ ഭൂമിയില്‍ സംജാതമായി. വാര്‍ത്തകളറിഞ്ഞ ദശരഥന്‍ ഗുരു വസിഷ്ഠന്‍, ഗുരുപത്‌നി അരുന്ധതി, രാജ്ഞിമാര്‍, ഭരതന്‍, ശത്രുഘ്‌നന്‍, എല്ലാവരും ഒരുമിച്ച് മിഥിലയിലെത്തി. ജനകന്‍ തന്റെ നാലുപെണ്‍മക്കളെസീത, ഊര്‍മിള, മാണ്ഡവി, ശ്രുതകീര്‍ത്തി എന്നിവരെ യഥാക്രമം രാമന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍, ഭരതന്‍ എന്നിവര്‍ക്ക് വിവാഹം ചെയ്തു നല്കി.
വിവാഹം കഴിഞ്ഞ് നവവധുക്കളുമായി സംഘം അയോദ്ധ്യയിലേക്ക് മടങ്ങുമ്പോള്‍, എതിരേ വന്ന പരശുരാമന്‍ തന്റെ ഗുരുവായ പരമശിവന്റെ വില്ല് രാമന്‍ ഒടിച്ചതില്‍ ക്രുദ്ധനായി, തന്റെ കൈവശമുള്ള വിഷ്ണുവിന്റെ വില്ല് കുലയ്‌ക്കാന്‍ രാമനെ വെല്ലുവിളിച്ചു. രാമന്‍ അനായാസം വിഷ്ണുചാപം കുലച്ചു. രാമനിലെ ദിവ്യത്വം തിരിച്ചറിഞ്ഞ പരശുരാമന്‍ തന്നിലെ ചൈതന്യം മുഴുവന്‍ രാമനില്‍ അര്‍പ്പിച്ചു.

ഭാര്‍ഗവരാമന്‍ ശ്രീരാമനോട് ഇങ്ങനെ പറഞ്ഞു: ”രാമാ, ഞാന്‍ ഭഗവാന്റെ അംശം തന്നെയാണ്. അങ്ങും ആ ഭഗവാന്റെ അംശം തന്നെ. ത്രേതായുഗത്തില്‍ ഭഗവാന്‍ വിഷ്ണു ഭൂമിയില്‍ ദശരഥപുത്രനായി അവതരിക്കുമെന്ന് എന്നെ അറിയിച്ചിരുന്നു. അങ്ങിനെ, വിധിവശാല്‍ രാമാ, അങ്ങയെ കാണുവാന്‍ എനിക്കു സാധിച്ചു.
നിന്റെ അചഞ്ചലവും പരിശുദ്ധവും സുദൃഢവുമായ ഭാവം എന്തെന്നു കാണാന്‍ എനിക്ക് അനുഗ്രഹവും ലഭിച്ചു. അങ്ങയുടെ പത്മപാദങ്ങളില്‍ എനിക്ക് ശാശ്വതമായ ഭക്തിപ്രഹര്‍ഷം ഉണ്ടാകട്ടെ. എന്നിലുള്ള ചൈതന്യസിദ്ധികളെല്ലാം ഞാന്‍ അങ്ങില്‍ സമര്‍പ്പിക്കുന്നു. ഇനിയുള്ള ധര്‍മ്മസംരക്ഷണം അങ്ങയുടെ ചുമതലയാണ്” എന്നോര്‍മ്മപ്പെടുത്തി യാത്രയായി.
















