ഉദയനാപുരം (വൈക്കം): വൈക്കം വിജയലക്ഷ്മിയെന്ന മലയാളിയുടെ പ്രിയപ്പെട്ട പാട്ടുകാരി ഭാരത സിനിമയിലെ തന്നെ മികച്ച ഗായികക്കുള്ള പുരസ്‌കാരം നേടിയത് കടുത്ത മത്സരത്തിനൊടുവില്‍. ബംഗാളി ഗായിക ശ്രേയ ഘോഷാല്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പ്രമുഖ ഗായകരുടെ പാട്ടുകളുമായാണ് വിജയലക്ഷ്മി പാടിയ ‘അങ്ങു വാന കോണിലെ’ എന്ന് തുടങ്ങുന്ന എആര്‍എമ്മിലെ മനോഹരമായ ഗാനം മാറ്റുരച്ചത്. ഇക്കാര്യം ചലച്ചിത്ര പുരസ്‌കാര ജൂറി ചെയര്‍മാന്‍ ജയരാജ് തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
പുരസ്‌കാര പ്രഖ്യാപനം നടക്കുമ്പോള്‍ വിജയലക്ഷ്മി ഉദയനാപുരത്ത് ‘നാദബ്രഹ്‌മം’ എന്ന സ്വന്തം വീടിനടുത്തുള്ള കുടുംബക്ഷേത്രത്തില്‍ വിളക്ക് കൊളുത്തി മടങ്ങിവരികയായിരുന്നു. എറണാകുളത്ത് നിന്ന് ഫോണില്‍ ഒരാള്‍ വിളിച്ച് അഭിനന്ദിച്ചപ്പോഴാണ് ദേശീയ പുരസ്‌കാരത്തിന് തന്നെ തെരഞ്ഞെടുത്ത വിവരം അറിയുന്നത്. ‘വൈക്കത്തപ്പന്റെയും ഗുരുക്കന്മാരുടെയും അനുഗ്രഹമാണ് പുരസ്‌കാരം കിട്ടാന്‍ കാരണം. ഇത് എന്റെ ഈ കര്‍ക്കടക സന്ധ്യയെ കൂടുതല്‍ മനോഹരമാക്കുന്നു’ കാഴ്ചയില്ലെങ്കിലും അകക്കണ്ണാല്‍ സായന്തനത്തിന്റെ ചാരുത ആസ്വദിച്ച് വിജയലക്ഷ്മി ജന്മഭൂമിയോട് പറഞ്ഞു.
സംഗീതജ്ഞ, ഗായത്രിവീണാ വാദക എന്നീ നിലകളില്‍ കുട്ടിക്കാലം മുതലേ പ്രശസ്തയാണ് വിജയലക്ഷ്മി. ആദ്യമായി പിന്നണി പാടിയ ‘കാറ്റേ കാറ്റേ നീ പൂക്കാ മരത്തില് പാട്ടും മൂളി വന്നോ’… എന്ന ഗാനം സിനിമ പുറത്തിറങ്ങുന്നതിന് മുമ്പേ ഹിറ്റായിരുന്നു. 2013ല്‍ ഇറങ്ങിയ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഗാനമായിരുന്നു അത്. വിജയലക്ഷ്മിയും ജി. ശ്രീറാമും ചേര്‍ന്നാണ് ഈ മധുരഗാനം ആലപിച്ചത്.
വിജയലക്ഷ്മിക്ക് ജീവിതമെന്നാല്‍ സംഗീതം തന്നെ. മധുരമായ പാട്ടിന്റെ പാടാന്‍ മറന്ന പല്ലവി പോലെ, ഈശ്വരന്‍ ആ ജീവിതത്തില്‍ കാഴ്ച നല്‍കിയില്ല. പക്ഷേ, മനോഹരമായ ശബ്ദവും ഹൃദയത്തില്‍ സംഗീതവും കൊടുത്തു. സ്‌കൂള്‍തലം മുതല്‍ കലോത്സവങ്ങളില്‍ പങ്കെടുത്ത് ശാസ്ത്രീയ സംഗീതത്തില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി. ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചു, ഈ ചരിത്ര ബിരുദധാരിക്ക്. ഏക മകള്‍ക്ക് എല്ലാ പിന്തുണയും നല്‍കി അച്ഛന്‍ വി. മുരളിയും അമ്മ പി. വിമലയും ഒപ്പമുണ്ട്.
















