തൊടുപുഴ: 10 ഓളം റിമാന്‍ഡ് പ്രതികള്‍ തൊടുപുഴയില്‍ പിടിയില്‍. കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെയാണ് പിടിയിലായത്. കരിങ്കുന്നം ഭാഗത്ത് നിന്നും രണ്ടുപേരെയാണ് തൊടുപുഴ ഡിവൈഎസ്പിയുടെ ഷാഡോപോലീസ് പിടികൂടിയത്. കരിങ്കുന്നം പഴയമറ്റം പാമ്പനാല്‍ അരുണ്‍, വഴിത്തല കുണിഞ്ഞി പൊശനാക്കുഴിയില്‍ മാത്യു എന്നിവരെയാണ് ഷാഡോ എസ്‌ഐ റ്റി ആര്‍ രാജന്‍, എഎസ്‌ഐ അശോകന്‍, അരുണ്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ഇരുവര്‍ക്കെതിരെയും കരിങ്കുന്നം സ്റ്റേഷനിലാണ് കേസ് നിലവില്‍ ഉള്ളത്. ഇതോടൊപ്പം തൊടുപുഴ എസ്‌ഐ അരുണ്‍നാരായണനും സംഘവും ചേര്‍ന്ന് 8 പേരെയും പിടികൂടിയിട്ടുണ്ട്. ഇടുക്കി എസ് പി കെ വി ജോസഫിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് പ്രതികള്‍ക്ക് വേണ്ടി പരിശോധന നടത്തിയത്. ഇലക്ഷന്‍ അടുത്തുവരുന്നതിനാല്‍ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് തൊടുപുഴ പോലീസ് അറിയിച്ചു.
















