ഇടുക്കി: ഉടമയെ കബളിപ്പിച്ച് എറ്റിഎം-ല്‍ നിന്നും പണം കവര്‍ന്ന യുവാവ് പിടിയില്‍. ചെറുതോണി പ്രിയദര്‍ശിനി മേട് സ്വദേശി റോബിന്‍ സി റെജിയാണ് പിടിയിലായത്. സംഭവം ഇങ്ങനെ: എറ്റിഎമ്മില്‍ നിന്നും പണം നഷ്ടപ്പെട്ട ചാലക്കുടി സ്വദേശി സിജോയും സുഹൃത്തുക്കളും കഴിഞ്ഞ 9 ന് ഇടുക്കിയില്‍ സന്ദര്‍ശനത്തിനായി എത്തിയിരുന്നു. ഈ സമയത്ത് ഓട്ടം പോകുന്നതിനായി ഡ്രൈവറായ റോബിനെയും ഒപ്പം കൂട്ടി. സുഹൃത്തുക്കളോട് പിന്‍ നമ്പര്‍ സിജോ പറയുന്നത് മനസ്സിലാക്കിയ പ്രതി ഇവര്‍ മദ്യ ലഹരിയില്‍ ആയിരുന്ന സമയത്ത് വണ്ടിയുമായി ടൗണിന് പോകുകയും വണ്ടിയുടെ ഡാഷ് ബോര്‍ഡില്‍ പേഴ്‌സില്‍ സൂക്ഷിച്ചിരുന്ന എറ്റിഎം കാര്‍ഡ് ഉപയോഗിച്ച് 14,500 രൂപ പിന്‍വലിക്കുകയുമായിരുന്നു. ശേഷം സ്ഥലത്ത് തിരിച്ചെത്തുകയും ചെയ്തു. ഇതിന് ശേഷം സിജോയും സംഘവും 10 ന് മടങ്ങി പോയി. തുടര്‍ന്ന കഴിഞ്ഞയാഴ്ചയാണ് പണം നഷ്ടപ്പെട്ടത് ഇയാളറിയുന്നത്. പണം പോയ സ്ഥലം മനസ്സിലാക്കി ഇടുക്കി എസ്‌ഐ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ഫൂട്ടേജുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിയുന്നത്. ഇന്നലെ വൈകുന്നേരമാണ് പ്രതിയെ പ്രിന്‍സിപ്പള്‍ എസ്‌ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്. സംഘത്തില്‍ അഡീ. എസ്‌ഐ ഗോപി നാഥന്‍, ഉദ്യോഗസ്ഥരായ സാബു തോമസ്, ഹരിദാസ്, ബിജു, സാം കുട്ടി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
















