ആലക്കോട്: മന്ത്രി കെ.സി.ജോസഫിനും കോണ്‍ഗ്രസ്സിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ത്തി യുഡിഎഫിലെ പ്രമുഖ ഘടക കക്ഷിയായ മുസ്ലീം ലീഗിലെ യുവജന സംഘടനായ യൂത്ത് ലീഗിന്റെ പേരില്‍ മലയോര മേഖലയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഞങ്ങള്‍ മറക്കില്ല എന്ന തലക്കെട്ടുള്ള പോസ്റ്ററില്‍ കെ.സി.ജോസഫിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് എഴുതിയിട്ടുള്ളത്. ഇത്തവണ കെ.സി.ജോസഫിനും കൈപ്പത്തിക്കും വോട്ടു ചെയ്യില്ലെന്നും പകരം നോട്ടക്ക് വോട്ടു ചെയ്യുമെന്നും പോസ്റ്ററില്‍ പറയുന്നു. വോട്ട് ഫോര്‍ നോട്ട എന്നും പോസ്റ്ററില്‍ വലുതായി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആലക്കോട് പഞ്ചായത്തിലെ പരപ്പ, നെടുവോട് വാര്‍ഡുകളില്‍ മുസ്ലീംലീഗിന് സംഭവിച്ച പരാജയമാണ് പോസ്റ്ററുകള്‍ക്കു പിന്നിലുള്ള കാരണമെന്ന് കരുതപ്പെടുന്നു. അതേസമയം പോസ്റ്ററുകളുമായി ഞങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി അറിയിച്ചു.
















