
കണ്ണൂര്‍: കേരളത്തിലെ സമകാലീന ചിത്രകലാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ കലാ സൃഷ്ടികളുമായി സഞ്ചരിക്കുന്ന ചിത്രശാല ഇനി ആസ്വാദകരെ തേടി യെത്തും. കേരള ലളിതകലാ അക്കാദമി ചിത്രകലയെ ജനകീയമാക്കുന്നതിന്റെ ഭാഗമായി ആവിഷ്‌കരിച്ച സഞ്ചരിക്കുന്ന ചിത്രശാലയില്‍ രണ്ടാംഘട്ടം ഒരുക്കിയിട്ടുള്ളത് യുവചിത്രകാരന്മാരുടെ സവിശേഷമായ രചനകളാണ്.
കേരളത്തിലെ എല്ലാ ജില്ലകളിലും മഹാരാഷ്‌ട്ര അടക്കമുള്ള അന്യസംസ്ഥാനങ്ങളിലും പ്രദര്‍ശനമൊരുക്കിയ സഞ്ചരിക്കുന്ന ചിത്രശാലയില്‍ ആദ്യഘട്ടം പ്രദര്‍ശിപ്പിച്ചത് കേരളീയ ചിത്രകലയുടെ ചരിത്രം വ്യക്തമാക്കുന്ന കലാസൃഷ്ടികളായിരുന്നു. ജനുവരിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട സഞ്ചരിക്കുന്ന ചിത്രശാലക്ക് കലാസ്വാദകരില്‍ നിന്നും ബഹുജനങ്ങളില്‍ നിന്നും വന്‍സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനകം രണ്ടുലക്ഷത്തോളം പേര്‍ ചിത്രശാലയിലെ പ്രദര്‍ശനം ആസ്വദിച്ചു. ആധുനിക ആര്‍ട്ട് ഗ്യാലറിയുടെ എല്ലാ സൗകര്യങ്ങളും സഞ്ചരിക്കുന്ന ചിത്രശാലയില്‍ ഒരുക്കിയിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി സംസ്ഥാന ചിത്രകലാ ക്യാമ്പു
കളില്‍ രചിച്ച ചിത്രങ്ങളാണ് പുതുതായി സഞ്ചരിക്കുന്ന ചിത്രശാലയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതിനുവേണ്ടി ‘പ്രയാണം’ എന്ന പേരില്‍ ചിത്രകലാക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്ത നാല്‍പത് കലാകാരന്മാരുടെ സൃഷ്ടികളാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്.
















