തൊടുപുഴ: അഡ്വ.എസ് പ്രവീണ്‍ തൊടുപുഴ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രചാരണം ആരംഭിച്ചു. നിലവില്‍ എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും മുന്‍പെ എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥി രംഗത്തിറങ്ങിയത് ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പിജെ ജോസഫായിരിക്കുമെന്നുറപ്പാണ്. സിപിഎമ്മിന് ആളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല. തൊടുപുഴ ആനക്കൂട് സ്വദേശിയാണ് എന്‍ഡിഎ സാരഥി അഡ്വ. എസ് പ്രവീണ്‍. ബിഎ, എല്‍എല്‍ബി കഴിഞ്ഞ് 1998 ല്‍ പാക്ടീസ് ചെയ്തുതുടങ്ങി. ജെസിഐ സോണ്‍ 20 ന്റെ മുന്‍ വൈസ് പ്രസിഡന്റായും, തൊടുപുഴ ജെസിഐയുടെ മുന്‍ പ്രസിഡന്റായും (എല്‍ഒഎം), കേരള റസിഡന്റ്‌സ് അസോസിയേഷന്‍ അപക്‌സ് കൗണ്‍സിലിന്റെ മുന്‍ കമ്മിറ്റി മെമ്പറായും പ്രവര്‍ത്തിച്ചിരുന്നു. ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ മെമ്പര്‍, തൊടുപുഴ എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ്, തൊടുപുഴ ഗുരുനാരായണ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സിന്റെ മാനേജര്‍, തൊടുപുഴ ഗുരുദര്‍ശന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രസിഡന്റ്, കഞ്ഞിക്കുഴി എസ്എന്‍വിഎച്ച്എസ്എസിന്റെ മാനേജര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതോടെ തൊടുപുഴയിലെ പ്രഥാന പൗരന്മാരെ നേരിട്ട് കണ്ട് വോട്ട് ഉറപ്പിക്കുന്നതിനാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്.
















