രാജാക്കാട്: രാജാക്കാട് ഖജനാപ്പാറയില്‍ സിപിഎം ആക്രമണം. കോണ്‍ഗ്രസ് പ്രവര്‍ത്തകനും എഐഎഡിഎംകെ പ്രവര്‍ത്തകനും പരിക്ക്. കൂമ്പപ്പാറ സ്വദേശികളായ പോതുരാജ്, സുഹൃത്ത് പ്രേംകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാലംഗ സിപിഎം ക്രിമിനല്‍ സംഘമാണ് തങ്ങളെ ആക്രമിച്ചകതെന്ന് ഇവര്‍ രാജാക്കാട് പോലീസില്‍ മൊഴി നല്‍കി. തിങ്കളാഴ്ച രാത്രിയാണ് ആക്രമണം. പോതുരാജിന്റെ തലയ്‌ക്ക് ഗുരുതര പരിക്കുണ്ട്. ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരെ താക്കോല്‍കൊണ്ട് കുത്തുകയും കമ്പിവടിക്ക് അടിക്കുകയും ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ നിസ്സാര വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിരുന്ന പോതുരാജും പ്രേംകുമാരും പാര്‍ട്ടിവിട്ടതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
















