കണ്ണൂര്‍: പണവുമായി ബൈക്കില്‍ പോകുകയായിരുന്ന യുവാവിനെ പിന്‍തുടര്‍ന്ന് കൊള്ളയടിച്ച സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞു. ഉടന്‍ പിടിയിലാകുമെന്ന് സൂചന. കക്കാട് സ്വദേശിയായ യാസറിന്റെ കൈവശമുണ്ടായിരുന്ന 13ലക്ഷം രൂപയാണ് കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് ബൈക്ക് യാത്രികരായ രണ്ടംഗ സംഘം തട്ടിയെടുത്തത്. പെരളശ്ശേരി കോട്ടത്തുള്ള പെട്രോള്‍ പമ്പിലായിരുന്നു സംഭവം. ചക്കരക്കല്‍ ടൗണില്‍ സ്ഥാപിച്ച സിസി ക്യാമറയിലാണ് പ്രതികളുടെ ദൃശ്യം പതിഞ്ഞത്. വാഹന ഇടപാടുമായി ബന്ധപ്പെട്ട് പണവുമായി കണ്ണൂരില്‍നിന്നും മമ്പറം ഭാഗത്തേക്ക് പോകുമ്പോള്‍ രണ്ടംഗ സംഘം പിന്തുടര്‍ന്ന് പണംതട്ടിയെടുത്തതായാണ് പരാതി. ബൈക്ക് ഓടിച്ചയാള്‍ ഹെല്‍മെറ്റ് ധരിക്കുകയും മുഖം ടവല്‍കൊണ്ട് മറക്കുകയും ചെയ്തിരുന്നു. പിന്നിലുള്ളയാള്‍ കൂളിംഗ് ഗ്ലാസ് വെക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. സിസിടിവി ദൃശ്യങ്ങളില്‍ ഇവരുടെ ചിത്രം വ്യക്തമായി പതിഞ്ഞതാണ് പ്രതികളെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്. പ്രതികള്‍ നിരീക്ഷണത്തിലാണെന്നും ഉടന്‍ അറസ്റ്റിലാകുമെന്നും ചക്കരക്കല്‍ എസ്‌ഐ പി.ബിജു പറഞ്ഞു.
















