അടിമാലി: സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള കിടമത്സരം നടുറോഡിലും പ്രകടമായതോടെ ദേശീയപാതയിലെ യാത്രക്കാര്‍ക്ക് ദുരിതമായി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. ആറാംമൈലില്‍ പൊതുവെ റോഡിന് വീതികുറഞ്ഞ ഭാഗത്ത് പോലീസ് ബസും കെഎസ്ആര്‍ടിസി ബസും ഇരുവശങ്ങളില്‍ നിന്നും വന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. വാഹനങ്ങള്‍ക്ക് പരസ്പരം സൈഡ് കൊടുക്കാന്‍ കഴിയാതെ വന്നിട്ടും ഇരുവിഭാഗവും വാഹനം പുറകോട്ടു മാറ്റാന്‍ തയ്യാറായില്ല. ഏറെ നേരം ഈ നില തുടര്‍ന്നതോടെ ദേശീയപാതയില്‍ ഗതാകത കുരുക്ക് അനുഭവപ്പെട്ടു. വിനോദ സഞ്ചാരികള്‍ അടക്കമുള്ള യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അര മണിക്കുറിനു ശേഷം പോലീസ് വാഹനം പിന്നോട്ടെടുത്താണ് മറ്റുവാഹനങ്ങള്‍ക്ക് വഴിയൊരുക്കിയത്. കോതമംഗലം ഭാഗത്തുനിന്നും വന്ന കെഎസ്ആര്‍ടിസി ബസും അടിമാലി ഭാഗത്തുനിന്നും വന്ന പോലീസ് ബസുമാണ് മാര്‍ഗതടസം സൃഷ്ടിച്ച് യാത്രക്കാരെ വലച്ചത്.
















