കുന്നത്തൂര്‍: സിപിഎം പ്രവര്‍ത്തകരുടെ മദ്യപാനവും തുടര്‍ന്നുള്ള അസഭ്യവര്‍ഷവും സഹിക്ക വയ്യാതെ ഇതിനെ ചോദ്യം ചെയ്ത വീട്ടമ്മയുടെ വീടിന് നേര്‍ക്ക് സിപിഎമ്മിന്റെ ഗുണ്ടാ ആക്രമണം. മൈനാഗപ്പള്ളി ആറ്റ്പുറം പീസ് കോട്ടേജില്‍ ഷൈമോളുടെ വീടിന് നേര്‍ക്കാണ് മദ്യപിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. രാത്രി 12ന് വീടിന്റെ മതില് പൊളിച്ച് അകത്ത് കടന്ന അക്രമികള്‍ കതക് ചവിട്ടി തകര്‍ത്തു. തുടര്‍ന്ന് വീടിന്റെ ജനല്‍ചില്ലുകളും അകത്ത് കയറി ഗൃഹോപകരണങ്ങളും അടിച്ച് തകര്‍ത്തു.
ഫ്രിഡ്ജ്, ടിവി, മിക്സി, അലമാര തുടങ്ങിയ ഉപകരണങ്ങള്‍ നശിച്ചു. കൂടാതെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങളും വീടിന്റെ പുറത്തെ ടാപ്പുകളും അടിച്ചുപൊട്ടിച്ച സംഘം വീട്ടിലുണ്ടായിരുന്ന ഒന്നരപവന്റെ സ്വര്‍ണകൊലുസും വളകളും മോഷ്ടിച്ചു. സിപിഎമ്മിന്റെ ഗുണ്ടാ അക്രമത്തില്‍ പ്രദേശം ഭീതിയിലമര്‍ന്നു.
ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. മദ്യപിച്ചെത്തിയ സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് നാട്ടുകാരും മൊഴി നല്കി. ഇത്തരത്തില്‍ പ്രദേശത്ത് സിപിഎം പ്രവര്‍ത്തകര്‍ നിരന്തരം അക്രമങ്ങളാണ് നടത്തുന്നതെന്നും പ്രദേശത്തെ ക്ഷേത്രോത്സവങ്ങള്‍ സഹിതം സംഘര്‍ഷം സൃഷ്ടിച്ച് തടസപ്പെടുത്തുകയാണ് പരിപാടിയെന്നും നാട്ടുകാര്‍ ആരോപിച്ചു. ഒരാഴ്ചക്ക് മുമ്പ് എഴുന്നള്ളത്തിന് കൊണ്ടുവന്ന ആനയെ പ്രകോപിപിച്ച് പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനും ഇവര്‍ ശ്രമിച്ചിരുന്നു.
അതേസമയം അക്രമത്തിനിരയായ വീട്ടമ്മയുടെ പരാതിയില്‍ പ്രതികള്‍ക്ക് നേരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ബിജെപി മൈനാഗപ്പള്ളി പഞ്ചായത്ത് സമിതി നേതാക്കള്‍ രംഗത്ത് എത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് യോഗവും പ്രകടനവും നടത്തി. പഞ്ചായത്ത് സമിതി പ്രസിഡന്റ് വിജയന്‍പിള്ള, ജനറല്‍ സെക്രട്ടറി ബിനോയ്, ഗണേശ്, പ്രസന്നന്, രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: