ന്യൂദല്‍ഹി: രാജ്യത്തെ പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസമേകി ടെലികോം നിർദേശങ്ങളിൽ നിർണായക ഭേദഗതിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). ഫോണ്‍ പ്രധാനമായും കോളുകൾക്കും എസ്എംഎസുകൾക്കും മാത്രം ഉപയോഗിക്കുന്ന ടെലികോം ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ കൂടുതൽ റീചാർജ് ഓപ്ഷനുകൾ അവതരിപ്പിക്കാൻ ടെലികോം സേവനദാതാക്കൾക്ക് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായി) നിർദേശം നൽകി. ഇന്‍റർനെറ്റ് ഡാറ്റ ആനുകൂല്യങ്ങൾ ഉപയോഗിക്കാത്തവർക്കുവേണ്ടിയാണ് ട്രായി പ്രത്യേക താരിഫ് വൗച്ചറുകൾ ലഭ്യമാക്കാൻ നിർദേശം നൽകിയത്. പുതിയ പ്ലാനുകൾ ഒക്ടോബർ 22 മുതൽ നിലവിൽ വരും.
28 ദിവസത്തെ റീച്ചാർജ് കാലാവധിക്ക് പകരം ഇനി മുതൽ കൃത്യം 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ കമ്പനികൾ നൽകണം. ഇതോടെ ഉപഭോക്താക്കൾ പ്രതിവർഷം ചെയ്യേണ്ട റീച്ചാർജുകളുടെ എണ്ണം 13-ൽ നിന്ന് 12 ആയി കുറയും.
പുതിയ നിയമങ്ങൾ അനുസരിച്ച്, ഡാറ്റ ഉൾപ്പെടുന്ന പ്ലാനുകളെ അപേക്ഷിച്ച് അനുയോജ്യമായ നിരക്ക് കുറവോടെ, വോയിസ് കോളുകൾക്കും എസ്എംഎസിനും മാത്രമായുള്ള പ്രത്യേക താരീഫ് വൗച്ചറുകൾ (എസ്ടിവി) സേവനദാതാക്കൾ നൽകണം. ഓരോ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന വോയ്സ്-എസ്എംഎസ് മാത്രം ഉൾപ്പെടുന്ന പ്ലാനുകൾ കന്പനികൾ നൽകണം. വൗച്ചർ പുതുക്കേണ്ടിവരുന്പോൾ എസ്ടിവിയുടെ കാലാവധി എല്ലാ മാസവും ഒരേ തീയതിയോ അല്ലെങ്കിൽ ആ മാസത്തിലെ അവസാന തീയതിയോ ആയി കണക്കാക്കണം.
’ടെലികോം കണ്‍സ്യൂമർ പ്രൊട്ടക‌്ഷൻ (പതിമൂന്നാം ഭേദഗതി) റെഗുലേഷൻസ്, 2026’ പ്രകാരമാണ് ഈ നടപടി. നിലവിൽ കന്പനികൾ നൽകുന്ന 30 ദിവസത്തിൽ താഴെയുള്ള (ഉദാഹരണത്തിന് 28 ദിവസം) വോയ്സ്+ഡാറ്റ+എസ്എംഎസ് പ്ലാനുകൾ ഉണ്ടെങ്കിൽ അതേ കാലാവധിയിൽ ഡാറ്റ ഇല്ലാത്ത ബദൽ പ്ലാനും നിർബന്ധമായും നലകണം. 30 ദിവസത്തിനു മുകളിൽ വാലിഡിറ്റിയുള്ള പ്ലാനുകൾക്കും ഇതേ രീതിയിൽ ഡാറ്റയില്ലാത്ത പ്ലാനുകൾ ലഭ്യമാക്കണം.
28 ദിവസത്തെ പ്ലാനുകളെ “പ്രതിമാസ പ്ലാൻ” എന്ന് വിളിച്ച് ഉപഭോക്താക്കളെ വഞ്ചിക്കുന്നതിനെതിരെ രാജ്യസഭാ എംപി രാഘവ് ഛദ്ദ പാർലമെന്റിൽ നടത്തിയ ശക്തമായ ഇടപെടലാണ് ഈ തീരുമാനത്തിലേക്ക് വഴിതെളിച്ചത്. കഴിഞ്ഞ മാർച്ച് 11-ന് പാർലമെന്റിൽ വിഷയം ഉന്നയിച്ച അദ്ദേഹം, ഇന്‍റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്ത സാധാരണക്കാർക്കായി വോയ്സ്, എസ്എംഎസ് മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഛദ്ദയുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് ട്രായ് കൊണ്ടുവന്ന പുതിയ ഭേദഗതിപ്രകാരം, ഇനിമുതൽ വോയ്സ് കോളും എസ്എംഎസും മാത്രം ഉൾപ്പെടുന്ന 30 ദിവസത്തെയും അതിൽ താഴെയുമുള്ള പ്രത്യേക പ്ലാനുകൾ ടെലികോം കമ്പനികൾ നിർബന്ധമായും നൽകേണ്ടിവരും.
സാധാരണക്കാർക്ക് ലഭിച്ച വലിയ വിജയമാണിതെന്ന് രാഘവ് ഛദ്ദ പ്രതികരിച്ചു. ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് അനുകൂല തീരുമാനമെടുത്ത കേന്ദ്ര സർക്കാരിനും ട്രായിക്കും അദ്ദേഹം നന്ദി അറിയിച്ചു.
















