ടെഹ്‌റാന്‍/വാഷിങ്ടണ്‍: മൂന്ന് നിര്‍ദേശങ്ങള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചതിന് പിന്നാലെ നിലപാട് ആവര്‍ത്തിച്ച് ഇറാന്‍. ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്ന കാര്യത്തില്‍ വ്യവസ്ഥകളില്‍ മാറ്റമില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ചര്‍ച്ചകളിലൂടെ മാത്രമേ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ കഴിയൂ എന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
‘ഞങ്ങളുടെ വ്യവസ്ഥകള്‍ വ്യക്തമാണ്, ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഏതൊരു നീക്കവും ഈ വ്യവസ്ഥകള്‍ പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കും,’ അരാഗ്ചി സമൂഹമാധ്യമത്തില്‍ കുറിച്ചു.
ഖത്തര്‍ വഴി ഇറാന്‍ ഏഴു നിര്‍ദേശങ്ങള്‍ യുഎസുമായി പങ്കുവെച്ചിരുന്നു. ലെബനന്‍ അടക്കമുള്ള മേഖലകളിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കുക, ഇറാന്റെ മരവിപ്പിച്ച് ആസ്തികള്‍ തിരിച്ച് നല്‍കുക, ഉപരോധങ്ങള്‍ പിന്‍വലിക്കണം തുടങ്ങിയ വ്യവസ്ഥകളായിരുന്നു ഇറാന്‍ മുന്നോട്ട് വെച്ചത്. ഈ വ്യവസ്ഥകള്‍ യുഎസ് നിരസിക്കുന്നതായി ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ നിലാപട് വ്യക്തമാക്കിയത്.
അതേസമയം യുഎസ് – ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമേനിയെ ടെഹ്‌റാനിലെ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെടുത്തിയതായി ഇറാന്റെ വെളിപ്പെടുത്തല്‍. ഇറാന്റെ അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ് അംഗമായ മൊഹ്‌സെന്‍ ഹൈദരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സംയുക്ത ആക്രമണത്തിന്റെ ആദ്യഘട്ടത്തില്‍ പരിക്കേറ്റ മൊജ്താബയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇദ്ദേഹത്തെ ജീവനോടെ രക്ഷപ്പെടുത്തിയത്. മൊജതാബയുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം ആരോഗ്യവാനായി ഇരിക്കുന്നെന്നും അരാഗ്ചിയും അറിയിച്ചിരുന്നു.
















