കണ്ണൂര്‍: കലക്ടറേറ്റില്‍ സമ്മതിദായകരുടെ ദേശീയ ദിനാഘോഷത്തിന്റെ ജില്ലാതല പരിപാടി പയ്യന്നൂര്‍ മലയാളഭാഷാ പാഠശാല ഡയരക്ടര്‍ ടി.പി.ഭാസ്‌കര പൊതുവാള്‍ ഉദ്ഘാടനം ചെയ്തു. വേറിട്ട സ്വരങ്ങള്‍ കൂടി അംഗീകരിക്കപ്പെടുമ്പോഴാണ് ജനാധിപത്യത്തിന് അതിന്റെ പൂര്‍ണമായ അര്‍ത്ഥം ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ നല്ല വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുക്കാതിരിക്കുന്ന അവസ്ഥ മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കലക്ടര്‍ പി.ബാലകിരണ്‍ അധ്യക്ഷത വഹിച്ചു. ജനാധിപത്യ പ്രക്രിയയില്‍ പൊതുജനങ്ങളുടെ ഗുണപരവും സമഗ്രവുമായ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജനുവരി 25 സമ്മതിദായകരുടെ ദേശീയദിനമായി ആഘോഷിക്കുന്നത്. ഒരു വോട്ടറായതില്‍ അഭിമാനിക്കുന്നു, വോട്ട് ചെയ്യാന്‍ തയ്യാര്‍ എന്നതായിരുന്നു ഇത്തവണത്തെ ദിനാഘോഷത്തിന്റെ സന്ദേശം.
നര്‍ത്തകിയും ചീമേനി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിനിയുമായ അപര്‍ണ ഉണ്ണികൃഷ്ണന് കാര്‍ഡ് നല്‍കിക്കൊണ്ട് പുതിയ വോട്ടര്‍മാര്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണം ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാതല ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായ നിര്‍മ്മലഗിരി കോളേജിലെ സാഹിര്‍ അക്തര്‍, എ.വി.വിഷ്ണു, രണ്ടാം സ്ഥാനം ലഭിച്ച ഗവണ്മെന്റ് ബ്രണ്ണന്‍ കോജേിലെ ഫസലുല്‍ ടി.ആബിദ ബീവി, കെ.ഷെല്‍വിന്‍, മൂന്നാം സ്ഥാനം ലഭിച്ച കീഴൂര്‍ എംജി കോളേജിലെ പി.എം.വിഷ്ണു, വി.ആഷിസ്സ് എന്നിവര്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും ജില്ലാ പോലീസ് ചീഫ് പി.എന്‍.ഉണ്ണിരാജന്‍ നല്‍കി. ജില്ലയിലെ 11 അസംബ്ലി മണ്ഡലങ്ങളില്‍ നിന്നും മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച ബിഎല്‍ഒ.മാരര്‍ക്കുള്ള അവാര്‍ഡുകള്‍ അസിസ്റ്റന്റ് കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ നല്‍കി. മികച്ച കോളേജ് അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ട ഇരിട്ടി പ്രഗതി വിദ്യാനികേതനിലെ ടെഫിന്‍ ജോസഫ്, ജില്ലയിലെ മറ്റ് കോളേജ് അംബാസിഡര്‍മാര്‍ക്കുള്ള പ്രശംസാപത്രം ജില്ലാ പോലീസ് ചീഫ് വിതരണം ചെയ്തു. എഡിഎം ഒ മുഹമ്മദ് അസ്ലം സമ്മതിദായകരുടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസി. കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ പി.കെ.സുധീര്‍ബാബു, വി.പി.മുരളീധരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍ എന്നിവര്‍ സംസാരിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി.എം.ഗോപിനാഥന്‍ സ്വാഗതവും ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.കെ.വിനോദ് നന്ദിയും പറഞ്ഞു.
















