സംഗീത് രവീന്ദ്രന്‍
ഇടുക്കി: ഇടുക്കി ജില്ലയില്‍ രണ്ട് ട്രാഫിക് പോലീസ് സ്റ്റേഷനുകള്‍ കൂടി ഉടന്‍ പ്രഖ്യാപിക്കും. ഏറെ വാഹനത്തിരക്കുള്ള തൊടുപുഴയിലും കട്ടപ്പനയിലുമാണ് ട്രാഫിക് സ്റ്റേഷന്‍ വരുന്നത്. ഇത് സംബന്ധിച്ച് നടപടികള്‍ക്കായി സംസ്ഥാന ആഭ്യന്തരവകുപ്പ് പേപ്പര്‍ വര്‍ക്കുകള്‍ വേഗത്തിലാക്കി. ഈ മാസം ട്രാഫിക് പോലീസ് സ്റ്റേഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച് ഉത്തരവിറങ്ങും. ജില്ലയില്‍ ഏറെ തിരക്കുള്ള നഗരങ്ങളുണ്ടെങ്കിലും ഇതുവരെ ട്രാഫിക് പോലീസ് സ്റ്റേഷന്‍ അനുവദിച്ചിരുന്നില്ല. ഇടുക്കി ജില്ല പോലീസ് സൂപ്രണ്ട് ട്രാഫിക് സ്റ്റേഷന്‍ അനുവദിക്കുന്നതിനായി ശുപാര്‍ശ നല്‍കിയിരുന്നു. തൊടുപുഴയിലും കട്ടപ്പനയിലും ട്രാഫിക് സ്റ്റേഷന്‍ വരുന്നതോടെ വാഹന സംബന്ധമായ എല്ലാ കേസുകളും ഈ സ്റ്റേഷന്റെ നേതൃത്വത്തിലാകും നടക്കുക. സ്റ്റേഷനിലേക്ക് പുതിയ ഉദ്യോഗസ്ഥരെയും നിയമിക്കും.
















