കൊച്ചി : പട്ടയ ഭൂമിയില്‍ ക്വാറിയും ക്രഷര്‍ യൂണിയറ്റും പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പട്ടയമായി നല്‍കുന്ന ഭൂമിയില്‍ ക്വാറിയും ക്രഷര്‍ യൂണിറ്റും തുടങ്ങാമെന്ന് വ്യക്തമാക്കി 2015 നവംബര്‍ 11 ലെ സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത് എറണാകുളം സ്വദേശി മനു ആനന്ദ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എ.മുഹമ്മദ് മുഷ്താഖാണ് സ്റ്റേ അനുവദിച്ചത്. ഭൂമി പതിച്ചു നല്‍കല്‍ നിയമത്തിലെ നാലാം ചട്ടത്തില്‍ പട്ടയം ലഭിക്കുന്ന ഭൂമി കൃഷി, ഗൃഹനിര്‍മ്മാണം തുടങ്ങിയ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നാണ് പറയുന്നത്. ഇതിനു വിരുദ്ധമായി വ്യവസായ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്നത് ചട്ടവിരുദ്ധമാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. നവംബറിലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് പട്ടയ ഭൂമിയില്‍ ക്രഷറും ക്വാറിയുമൊക്കെ തുടങ്ങാന്‍ ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കാമെന്ന് വ്യക്തമാക്കിയിരുന്നു. നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്താതെ ഇത്തരത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് നിലനില്‍ക്കില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
















