മാവേലിക്കര: റെയില്‍വെ പാളത്തില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് തീവണ്ടി പിന്നോട്ട് എടുത്തു. മാവേലിക്കര കായംകുളം റെയില്‍വെ പാതയില്‍ കോടതിക്ക് സമീപം പുല്ലബ്ലാവ് ഭാഗത്താണ് പാളത്തില്‍ തീ പടര്‍ന്നത്. തിങ്കളാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. ഈ സമയം പാളത്തിലൂടെ വന്ന കോബ്ര-തിരുവനന്തപുരം എക്‌സ്പ്രസ് തീവണ്ടിയുടെ ലോക്കോ പൈലറ്റ് പാളത്തിലേക്ക് തീ പടരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തീവണ്ടി നിര്‍ത്തിയിടുകയും പിന്നീട് പുറകിലേക്ക് എടുക്കുകയും ചെയ്തു. മാവേലിക്കരയില്‍ നിന്നും അഗ്നിശമന സേന എത്തി തീ അണച്ചതിനു ശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്. ഇതിനാല്‍ അരമണിക്കൂറോളം മാവേലിക്കര-കായംകുളം റൂട്ടില്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടു.
















