മുണ്ടക്കയം: ടിആര്‍ ആന്റ് ടി കമ്പനിയുടെ മാണിക്കല്‍ എസ്റ്റേറ്റ് മാനേജര്‍ കോശി ജോര്‍ജ്ജ് ഒരു കൗതുകത്തിന് വാങ്ങിവച്ചതാണ് എസ്റ്റേറ്റിലെ ഓഫീസില്‍ ശ്രീകൃഷ്ണ പ്രതിമ. കഴിഞ്ഞ ദിവസം മണിക്കല്‍ എസ്റ്റേറ്റ് ഓഫീസിലെ സ്റ്റാഫ് അംഗങ്ങളാണ് കൃഷ്ണ പ്രതിമയുടെ പിന്‍വശത്ത് തലയക്ക് മുകളിലായി ഒരു പ്രഭാവലയം പോലെ ചില ചിത്രങ്ങള്‍ പ്രത്യക്ഷമാവുന്നത് ശ്രദ്ധിച്ചത്. ഓരോ ദിവസം ചെല്ലുംമ്പോഴും അത് കൂടുതല്‍ വ്യക്തമായികൊണ്ടിരുന്നു. വളരെ വൃത്തിയായി സൂക്ഷിക്കുന്ന ഓഫീസ് മുറിയിലെ ഭിത്തിയില്‍ മറ്റൊരിടത്തും ഇത്‌പോലെ കാണുന്നില്ല. പായല്‍പോലെ എന്തോ ഒന്നാണ് ഭിത്തിയില്‍ കൃഷ്ണ ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഓടക്കുഴല്‍ ഊതുന്ന കൃഷ്ണനും രാധാ സമേതനായ കൃഷ്ണചിത്രവും പെട്ടെന്ന് നോക്കിയാല്‍തന്നെ ദൃശ്യമാകും.
കൃഷ്ണ സാന്നിദ്ധ്യം അനുഭവപ്പെട്ട ഓഫീസ് സ്റ്റാഫ് അംഗങ്ങള്‍ പ്രതിമയില്‍ മലയിട്ട് പുഷ്പങ്ങള്‍ അര്‍പ്പിച്ച് നിലവിളക്ക് കത്തിച്ചപ്പോള്‍ ഓഫീസിലാകെ ഒരു ക്ഷേത്രചൈതന്യം അനുഭവപ്പെടുന്നു. സംഭവമറിഞ്ഞ് നാടിന്റെ വിവിധ മേഖലയില്‍നിന്ന് വിശ്വാസികള്‍ എത്തുകയാണ്. കൗതുകത്തിനായും സത്യം അന്വേഷിച്ച് വരുന്നവരും കുറവല്ല. ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് അടക്കമുള്ളവരും കൃഷ്ണ മഹിമ കേട്ടറിഞ്ഞ് സ്ഥലത്തെത്തി. ഭക്തജനങ്ങള്‍ കാണിക്ക അര്‍പ്പിക്കാനും തുടങ്ങിയതോടെ ഓഫീസ് കെട്ടിടം ഒരു ക്ഷേത്രമായി മാറുന്ന അന്തരീക്ഷമാണ് ഇവിടെ. മുണ്ടക്കയത്ത് നിന്നും നാല് കിലോമീറ്റര്‍ അകലെയായാണ് മണിക്കല്‍ എസ്റ്റേറ്റ് ഓഫീസ്.
















