കീവ്: യുക്രൈനും റഷ്യയും തമ്മിലുള്ള തര്‍ക്കം യുദ്ധത്തിലേക്ക് നീങ്ങുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മുന്നറിയിപ്പ് അവഗണിച്ച് റഷ്യന്‍ സൈന്യം യുക്രൈനിലെ പ്രധാന നഗരമായ ക്രിമിയ പിടിച്ചടക്കി. കഴിഞ്ഞ രാത്രിയിലായിരുന്നു റഷ്യയുടെ സൈനിക നീക്കം. യുക്രൈനിലെ റഷ്യന്‍ വിരുദ്ധ ഭരണകൂടത്തെ സഹായിക്കുന്നത് അമേരിക്കയാണ്. അതിനാല്‍ പ്രശ്നം അമേരിക്കന്‍ റഷ്യന്‍ യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്കയാണ് ഉണ്ടായിരിക്കുന്നത്.
റഷ്യയുടെ മുന്നേറ്റം തടയാന്‍ യുക്രൈന്‍ പ്രധാനമന്ത്രി സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി .യുക്രൈനില്‍ സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് അനുമതി നല്‍കി കഴിഞ്ഞ ദിവസം പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു. ക്രിമിയയിലെ റഷ്യന്‍ വംശജരുടെ രക്ഷയ്‌ക്ക് വേണ്ടിയാണിതെന്ന് പുടിന്‍ അവകാശപ്പെട്ടു. കരിങ്കടലിലേയ്‌ക്ക് തള്ളിനില്‍ക്കുന്ന യുക്രൈനിന്റെ തെക്കന്‍ ഭാഗമാണ് ക്രിമിയ. ഇവിടെ റഷ്യന്‍ വംശജരാണ് ഭൂരിപക്ഷവും. രണ്ടര നൂറ്റാണ്ടായി റഷ്യന്‍ നാവികസേനയുടെ വലിയ താവളം ഇവിടുണ്ട്. ഇപ്പോള്‍ ക്രിമിയയുടെ ഭരണം റഷ്യയെ അനുകൂലിക്കുന്ന സെര്‍ജി അക്സിനോവ് പ്രധാനമന്ത്രിയായുള്ള സര്‍ക്കാരിനാണ്. സൈനികതാവളത്തിലേക്കു കടക്കാന്‍ റഷ്യന്‍ സേന ശ്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും യുക്രൈന്‍ നേവി കേണല്‍ ഇഗോര്‍ മംചേവ് പറഞ്ഞു.
റഷ്യയുടെ സൈനിക നീക്കത്തില്‍ പ്രതിഷേധിച്ച് സോച്ചിയില്‍ നടക്കുന്ന ജിഎട്ട് ഉച്ചകോടി ബഹിഷ്കരിക്കാന്‍ അമേരിക്കയും സഖ്യരാഷ്‌ട്രങ്ങളും തീരുമാനിച്ചിട്ടുണ്ട്. റഷ്യയിലെ തങ്ങളുടെ അംബാസഡറെ കാനഡ തിരികെ വിളിച്ചു. യുക്രൈനില്‍നിന്നു പിന്‍മാറിയില്ലെങ്കില്‍ റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ ബരാക് ഒബാമ അറിയിച്ചു.
















