ആസുരിക ശക്തികള്‍ക്കെതിരെ ദൈവിക ശക്തി നേടിയ വിജയത്തിന്റെ ആഘോഷമാണ് വിജയദശമി. ഭാരതമെമ്പാടും ഈ വിജയം പലതരത്തില്‍ ആഘോഷിക്കപ്പെടുമ്പോള്‍ രാജ്യതലസ്ഥാനമായ ദല്‍ഹിയും അതില്‍നിന്ന് വ്യത്യസ്തമാവാന്‍ പാടില്ലല്ലോ. ദല്‍ഹിയിലെ ജന്തര്‍ മന്തറിലും കൊണാട്ട് പ്ലേസിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആസ്ഥാനമായ നിര്‍വാചന്‍ സദനിലും സുപ്രീംകോടതി സ്ഥിതിചെയ്യുന്ന തിലക് മാര്‍ഗിലും ആസുരിക ശക്തികള്‍ പരാജയം സമ്മതിച്ചിരിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും നിയമ സംവിധാനങ്ങള്‍ക്കുമെതിരെ ജനങ്ങള്‍ക്കിടയില്‍ സാങ്കല്‍പികമായ ആശങ്കകള്‍ സൃഷ്ടിച്ചും, വോട്ടര്‍മാര്‍ തുടര്‍ച്ചയായി മൂന്നു പ്രാവശ്യം തെരഞ്ഞെടുത്ത നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിച്ചും തലസ്ഥാന നഗരിയെ കലാപ കലുഷിതമാക്കിയ ശക്തികള്‍ പിന്‍വാങ്ങുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ടും, മോദി സര്‍ക്കാരിനെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്തും ദല്‍ഹിയില്‍ സമരം ചെയ്ത പാറ്റപ്പാര്‍ട്ടിക്കാര്‍ സമരത്തിന് അവധി പ്രഖ്യാപിച്ചിരിക്കുന്നു. ഇവര്‍ക്കൊപ്പം കൈകോര്‍ത്ത് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസിന്റെ നേതാവ് രാജ്യം വിടുകയും ചെയ്തു.
സമരം സമാധാനപരമായിരിക്കുമെന്ന് പറഞ്ഞ് അനുമതി വാങ്ങിയ ശേഷം രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും, തെരുവില്‍ അക്രമങ്ങള്‍ കാണിക്കുകയും, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയുമാണ് പാറ്റപ്പാര്‍ട്ടിക്കാര്‍ ചെയ്തത്. ഭാരതത്തിന്റെ വികസനവും ഉയര്‍ച്ചയും ഇഷ്ടപ്പെടാത്ത ചില വൈദേശിക ശക്തികളുടെ സാമ്പത്തിക പിന്‍ബലവും, ഇതേ ശക്തികളുടെ ഒത്താശയോടെ രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിക്കാന്‍ ശ്രമിക്കുന്നവരുടെ സഹകരണവുമാണ് പാറ്റപ്പാര്‍ട്ടിക്കാര്‍ക്ക് ആവേശം നല്‍കിയത്. ജെന്‍-സിയുടെ വക്താക്കള്‍ ചമഞ്ഞ ഇവരുടെ നേതാവാണ് ഇപ്പോള്‍ അണികളോട് വീട്ടിലിരിക്കാന്‍ പറഞ്ഞിരിക്കുന്നത്. സമരത്തിന്റെ മറവില്‍ അക്രമങ്ങള്‍ നടത്തിയതിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തതോടെയാണ് ഭാരതത്തെ മോദി ഭരണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച പാറ്റകളുടെ തലവന്‍ ഓടിയൊളിച്ചിരിക്കുന്നത്. തങ്ങളുടെ സമരം കണ്ട് മോദിയുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നുവെന്ന് പരിഹസിച്ച അഭിജിത് ദിപ്കെയുടെ മുഖത്ത് ഇപ്പോള്‍ രക്തപ്രസാദമില്ല.
ജന്തര്‍ മന്തര്‍ സമരത്തിന് നേതൃത്വം നല്‍കിയ പാറ്റകളുടെ നേതാക്കളായ സൗരഭ് ദാസിനും അശുതോഷ് റാങ്കെയ്‌ക്കും ദല്‍ഹി എസ്ഇഎം കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. ഇരുവരും തിഹാര്‍ ജയിലില്‍ ആയിരുന്നു. മറ്റൊരു നേതാവായ ധ്രുവ് റാഠി സമരവേദി ബ്രിട്ടനിലേക്ക് മാറ്റിയിരിക്കുന്നു! ഇയാളെ ഇനി അന്വേഷണ ഏജന്‍സികള്‍ കണ്ടുപിടിച്ച് വിലങ്ങണിയിച്ച് രാജ്യത്തേക്ക് കൊണ്ടുവരേണ്ടിവന്നേക്കും. ഭരണകൂടത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കല്‍, രാഷ്‌ട്രത്തിന്റെ പരമാധികാരം അപകടപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. സുപ്രീംകോടതി കയ്യേറി ന്യായാധിപന്മാരെ മാറ്റാന്‍ സമരം നടത്തിയവര്‍ക്കെതിരെയുള്ള കേസുകള്‍ വരാനിരിക്കുന്നതേയുള്ളൂ. ഈ മാര്‍ച്ചിന്റെ ദൃശ്യങ്ങള്‍ സൂക്ഷിച്ചു വയ്‌ക്കണമെന്ന് സുപ്രീം കോടതി തന്നെ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ചിലര്‍ കോടതിയില്‍ വന്ന് പറയുന്നതും പുറത്തു പറയുന്നതും തമ്മിലുള്ള വ്യത്യാസം തങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കിയിട്ടുമുണ്ടല്ലോ.
തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുമ്പോഴാണ് കോണ്‍ഗ്രസിന്റെ കോമാളി നേതാവ് വിദേശത്തേക്ക് കടന്നുകളയാറുള്ളത്. അങ്ങനെ പരാജയത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടിയിലെ മറ്റു നേതാക്കളില്‍ കെട്ടിവയ്‌ക്കുന്നു. എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് വിശദീകരിക്കേണ്ട ബാധ്യത ഇവര്‍ക്കാവും. യുപിഎ ഭരണകാലത്ത് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കാലം മുതല്‍ നെഹ്‌റു കുടുംബത്തിന്റെ ഈ രാജകുമാരന്‍ അനുവര്‍ത്തിക്കുന്ന തന്ത്രമാണിത്. ഇസഡ് പ്ലസ് സെക്യൂരിറ്റിയുള്ള ഈ നേതാവ് അതൊക്കെ ഒഴിവാക്കി വിദേശങ്ങളിലേക്ക് പോകുന്നതിന് മറ്റു ചില ലക്ഷ്യങ്ങളുണ്ടെന്നതും പരസ്യമായ രഹസ്യമാണ്. സമരത്തിന് ജെന്‍-സികളെ കിട്ടാതെ വന്നപ്പോഴാണ് പാറ്റകളുടെ നേതാവ് പിന്മാറ്റം പ്രഖ്യാപിച്ചത്. ജനപിന്തുണ ഇല്ലെന്ന് മനസ്സിലാക്കിയും, സുപ്രീംകോടതിയുടെ ഇടപെടല്‍ ഭയന്നുമാണ് രാഹുല്‍ രാജ്യംവിട്ടതെന്ന് അനുമാനിക്കണം. ചിത്രം വ്യക്തമായാല്‍ മാത്രമേ തിരിച്ചു വരികയുള്ളൂ.
രാജ്യ തലസ്ഥാനത്ത് കുറച്ച് ആളെക്കൂട്ടി സമരം ചെയ്താല്‍ ദേശീയ ശക്തികളെ ഭയപ്പെടുത്താമെന്നും, മോദി സര്‍ക്കാരിനെ താഴെയിറക്കാമെന്നും വ്യാമോഹിച്ച ശല്യക്കാരായ പാറ്റകളും ഉത്തരം താങ്ങുന്ന കോണ്‍ഗ്രസ്-ഇടത് പല്ലികളും വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. ഇടതുപക്ഷത്തെ കോമാളികള്‍ ഇക്കാര്യം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ജനാധിപത്യത്തിന്റെ ചെലവില്‍ രാഷ്‌ട്രീയ തെമ്മാടിത്തം കാണിക്കുന്നവരെ എങ്ങനെ നേരിടണമെന്ന് പ്രധാനമന്ത്രി മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ആരും പഠിപ്പിക്കേണ്ടതില്ല. ഈച്ചകളെ കൊല്ലാന്‍ ഇരുമ്പുകൂടം എന്തിനെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെ ചോദിച്ചതാണല്ലോ.
ഭാരതം ബംഗ്ലാദേശും നേപ്പാളുമല്ല.
















