ദൽഹി: സിജേപി നേതാക്കൾക്ക് ജാമ്യം കിട്ടിയത് കോടതിയിൽ നിരവധി തവണ മാപ്പ് പറഞ്ഞിട്ട്. ജന്തർ മന്തർ അംഗീകൃത സമര കേന്ദ്രമമാകുന്നത് വരെ അവിടെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കില്ലെന്നും സമാധാനാന്തരീക്ഷവും ക്രമസമാധാനവും തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും ഇരുവരും കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഭാവിയിൽ നടത്തുന്ന എല്ലാ പ്രതിഷേധങ്ങളും ഭരണഘടനാപരമായ അതിരുകൾക്കുള്ളിൽ നിന്നുകൊണ്ട് മാത്രമായിരിക്കുമെന്നും ഇരുവരും ഉറപ്പുനൽകി.
കൂടാതെ, ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് മജിസ്‌ട്രേറ്റ് കോടതിയെ അധിക്ഷേപിക്കുന്ന രീതിയിൽ നടത്തിയ പ്രതികരണങ്ങളിൽ ഇരുവരുടെയും അഭിഭാഷകർ കോടതിയിൽ മാപ്പപേക്ഷിച്ചു. ഇനിമേലിൽ ഇത്തരത്തിലുള്ള പെരുമാറ്റം ആവർത്തിക്കില്ലെന്നും കോടതിക്ക് ഉറപ്പുനൽകിയിട്ടുണ്ട്.ന്യൂഡൽഹി ഡിസ്ട്രിക്റ്റ് എസ്.ഇ.എം ആയി പ്രവർത്തിക്കുന്ന എ.സി.പി ഋതു രാജിന് മുന്നിലാണ് നേതാക്കൾ സത്യവാങ്മൂലം സമർപ്പിച്ചത്. ജന്തർ മന്തർ പ്രതിഷേധങ്ങൾക്കായി നിയമപരമായി പുനർവിജ്ഞാപനം ചെയ്യുന്നത് വരെ അവിടെ പ്രതിഷേധ ആഹ്വാനങ്ങൾ നടത്തുകയില്ലെന്നും, ഭരണഘടനാപരമായ അതിരുകൾക്കുള്ളിൽ നിന്ന് മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്നും ഇരുവരും ഉറപ്പുനൽകി.
50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും ഉറപ്പിലുമാണ് ഇവരെ മോചിപ്പിച്ചത്.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 135(3) പ്രകാരമുള്ള മുൻകരുതൽ നടപടികൾ ഇനി ബോണ്ട് സമർപ്പണത്തിലൂടെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും, തുടർന്നുള്ള ജയിൽവാസം ആവശ്യമില്ലെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കി. കേസ് തുടർ നടപടികൾക്കായി ഒക്ടോബർ 23-ന് വൈകുന്നേരം 3 മണിക്ക് വീണ്ടും പരിഗണിക്കും.
















