ന്യൂദല്‍ഹി: 21 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട പ്രത്യേക എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ സിജെപി പ്രവര്‍ത്തകരായ സൗരവ് ദാസും അശുതോഷ് റാങ്കയും ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
ഒക്ടോബര്‍ 13 ന് നിരോധനം ലംഘിച്ച് ജന്തര്‍ മന്തറില്‍ കയറിയതിനാണ് ഇരുവരെയും ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. 14 ന് അവരെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു . 19 ന് രണ്ട് ദിവസത്തേക്ക് കൂടി നീട്ടി .
സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നിയമത്തോട് ബഹുമാനമില്ലെന്ന് അവരുടെ പ്രവൃത്തികള്‍ തെളിയിക്കുന്നുവെന്നും അവര്‍ ശാന്തിയും സമാധാനവും ലംഘിക്കുമെന്ന് ആശങ്കയുണ്ടെന്നും ജാമ്യം നിഷേധിച്ചുകൊണ്ട് എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി പറഞ്ഞിരുന്നു. മുന്‍കാല പ്രവൃത്തികള്‍ വച്ചുനോക്കുമ്പോള്‍ അവര്‍ കുറ്റം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പില്ല.
മാത്രമല്ല, ഇരുവര്‍ക്കും വേണ്ടി ഹാജരായ ജാമ്യക്കാരില്‍ ഒരാളുടെ തിരിച്ചറിയല്‍ രേഖകളില്‍ പൊരുത്തക്കേടു കണ്ടെത്തി. അതിന് തൃപ്തികരമായ ഉത്തരം നല്‍കാന്‍ അയാള്‍ക്കു കഴിഞ്ഞുമില്ല. മറ്റെ ജാമ്യക്കാരന്‍ സൗരവ് ദാസിനെ അറിയാത്തയാളുമായിരുന്നു.
















