ലഖ്‌നൗ: കാമുകനെ കൊലപ്പെടുത്തിയ കേസില്‍ ഇന്‍ഫ്‌ളുവന്‍സറും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ശ്രദ്ധ ദുബെ ഒടുവില്‍ അറസ്റ്റിലായി. യുപി പോലീസിനെ വഴിതെറ്റിച്ച് അറസ്റ്റ് ഒഴിവാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ശ്രദ്ധ ദുബെയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
നാഗ്പൂരിലെ റസ്റ്റോറന്റ് ശൃംഖലയുടെ ഉടമയായ ശിവ ശര്‍മ്മ, ശ്രദ്ധയുടെ ലഖ്നൗവിലെ നാലാം നിലയിലെ ഫ്‌ളാറ്റില്‍ നിന്ന് വീണു മരിച്ച സംഭവത്തിലാണ് അറസ്റ്റ്. അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്ന കുടുംബത്തിന്‌റെ ആരോപണമാണ് ശ്രദ്ധയുടെ അറസ്റ്റില്‍ എത്തിപ്പെട്ടത്.
ശ്രദ്ധയും കൂട്ടുപ്രതിയായ സഹോദരി രശ്മി ദുബെയും അവരുടെ ഡ്രൈവര്‍ ഡാനിഷും ആദ്യം ലഖ്നൗവില്‍ നിന്ന് നേപ്പാളിലേക്കും അവിടെ നിന്ന് നാഗ്പൂരിലേക്കും പോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഒടുവില്‍ അവിടെനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്.
യുപി പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്സും നാഗ്പൂര്‍ പോലീസും ചേര്‍ന്നാണ് മൂവരെയും അറസ്റ്റു ചെയ്തത്.
ശ്രദ്ധ ദുബെ ഒളിവിലിരുന്നുകൊണ്ട് താന്‍ നിരപരാധിയാണെന്ന് അവകാശപ്പെടുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു.
ശിവ ശര്‍മ്മ ആത്മഹത്യ ചെയ്തതായി അവര്‍ അതില്‍ പറഞ്ഞിരുന്നു.
രണ്ടര മാസക്കാലം ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. അവന്റെ അമ്മയ്‌ക്ക് എന്നെ ഇഷ്ടമല്ലാത്തതിനാലാണ് തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും അവര്‍ വീഡിയോയില്‍ പറഞ്ഞു.
















