കോട്ടയം: ബാങ്കിലെത്തിയ സ്ത്രീയുടെ ചെക്ക് പൂരിപ്പിച്ചുനല്കാമെന്ന വ്യാജേന വാങ്ങി പണം സ്വന്തം അക്കൗണ്ടിലേക്കു മാറ്റി തട്ടിയെടുത്ത യുവതി അറസ്റ്റില്‍. മുണ്ടക്കയം പുഞ്ചവയല്‍ സ്വദേശിനി ജ്യോതി കൃഷ്ണയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മുണ്ടക്കയം 31-ാം മൈലില്‍ ആഢംബര വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്ന ഇവര്‍ പൊലീസ് ഉദ്യോഗസ്ഥയെന്നും ഇന്‍കം ടാക്സ് സൂപ്രണ്ടെന്നും മറ്റുമാണ് തരം പോലെ നാട്ടുകാരോടു പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം മുണ്ടക്കയം എസ്ബിഐയിലെത്തിയ മുണ്ടക്കയം ചെളിക്കുഴി സ്വദേശിനിയുടെ 1,74,000 രൂപ ജ്യോതി കൃഷ്ണ വളരെ തന്ത്രപരമായി തട്ടിയെടുക്കുകയായിരുന്നു. ചെക്ക് പൂരിപ്പിച്ചു തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരിയുടെ കൈയില്‍ നിന്നും ചെക്ക് വാങ്ങിയ ഇവര്‍, സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ രേഖപ്പെടുത്തി കൗണ്ടറില്‍ നല്‍കുകയായിരുന്നു. ഇവര്‍ മറ്റു ലരില്‍ നിന്നും പണം തട്ടിയിട്ടുണ്ടെന്നാണ് സൂചന.
ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
















