ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 2027ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 66 ശതമാനം സീറ്റുകള്‍ നേടുമെന്ന് സിഎന്‍എന്‍-ന്യൂസ് 18 സര്‍വ്വേഫലം പുറത്തുവന്നതോടെ അഖിലേഷ് യാദവിന്റെ യോഗത്തിന് ആളില്ലാതായി. നേതാവ് അഖിലേഷ് യാദവിന്റെ മണ്ഡലത്തിലാണ് തെരഞ്ഞെടുപ്പ് റാലിയില്‍ ആളില്ലാത്ത കസേരകള്‍ മാത്രം നിരന്നു കിടന്നത്. ഇതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
അഖിലേഷ് യാദവ് വിജയിച്ച കണ്ണോജ് മണ്ഡലത്തിലാണ് പൊതുയോഗത്തില്‍ ഒഴിഞ്ഞ കസേരകള്‍ ആളില്ലാതെ നിരന്നു കിടന്നത്. ഇതേ തുടര്‍ന്ന് ആ ജില്ലയിലെ സമാജ് വാദി പാര്‍ട്ടിയുടെ ഭാരവാഹികളെ മുഴുവന്‍ മാറ്റിയതായി അഖിലേഷ് യാദവ് പ്രഖ്യാപിച്ചു. ഇത് സമാജ് വാദി പാര്‍ട്ടിക്കുള്ളില്‍ തമ്മിലടിക്ക് കാരണമായിരിക്കുകയാണ്.
യുപിയിലെ 75 ജില്ലകളിലും നടന്ന സിഎന്‍എന്‍ ന്യൂസ് 18 സര്‍വ്വേയില്‍ വിവിധ പ്രദേശങ്ങളില്‍ ബിജെപി നേതൃത്വത്തിലുള്ളഎന്‍ഡിഎയുടെ വന്‍വിജയം പ്രഖ്യാപിക്കുന്നത്. ദൊവാബ് (71ശതമാനം), രുഹേല്‍ ഖണ്ഡ് (71ശതമാനം), മുസ്ലിം ഭൂരിപക്ഷ പ്രദേശമായ വടക്ക് കിഴക്കന്‍ യുപി (60.4 ശതമാനം), തുടങ്ങി മിക്ക പ്രദേശങ്ങളിലും എന്‍ഡിഎയ്‌ക്ക് വലിയ വിജയമാണ് പ്രവചിക്കുന്നത്. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന മോഷ്ടിച്ച സംഭവത്തില്‍ പോലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പഴി ചാരാന്‍ സര്വ്വേയില്‍ പങ്കെടുത്തവര്‍ തയ്യാറല്ല. അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയായിരുന്നു ഈ സംഭാവന മോഷണമെന്നാണ് പലരും വിശ്വസിക്കുന്നത്. യുപിയില്‍ ക്രമസമാധാനം പാലിച്ചതിനാണ് യോഗിക്ക് ജനങ്ങളുടെ കയ്യടി ഉയരുന്നത്. ഗുണ്ടായിസം പാടെ ഇല്ലാതായി.
അഖിലേഷ് യാദവിന്റെ മണ്ഡലമായ കണ്ണോജില്‍ സമാജ് വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ശ്യാംലാല്‍ പാല്‍ ആണ് ഈ യോഗം സംഘടിപ്പിച്ചത്. നേതാക്കളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ക്ഷണിച്ചിരുന്നു. വേദി നിറഞ്ഞുവെങ്കിലും സദസ്സില്‍ ഏതാനും പ്രവര്‍ത്തകരെ ഒഴിച്ചുനിര്‍ത്തിയാല്‍ കസേരകള്‍ കാലിയായിരുന്നു. സര്‍വ്വേഫലവും യോഗി ആദിത്യനാഥിന്റെ ജനപ്രീതിയുമാണ് വലിയ തോതില്‍ സമാജ് വാദി പാര്‍ട്ടിയെ തളര്‍ത്തുന്നതെന്നാണ് വിലയിരുത്തല്‍.
















