കൊല്‍ക്കത്ത: ദുര്‍ഗാ പൂജ ടിക്കറ്റുകളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മമത സര്‍ക്കാരില്‍ വാര്‍ത്താവിനിമയ സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന ഇന്ദ്രനീല്‍ സെന്നിന് കല്‍ക്കട്ട ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചു. ഇന്ദ്രനീല്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണം തള്ളാനാവില്ലെന്ന് ജസ്റ്റിസ് തീര്‍ത്ഥങ്കര്‍ ഘോഷ് നിരീക്ഷിച്ചു.
യുനെസ്‌കോയുമായി ബന്ധമുള്ളതായി അവകാശപ്പെടുന്ന മഹാനിര്‍ബന്‍ റോഡ് മാസ് ആര്‍ട്ട് സൊസൈറ്റി വഴി സെന്‍ തന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് സര്‍ക്കാര്‍ പണം ഒഴുക്കാന്‍ പദവി ദുരുപയോഗം ചെയ്തുവെന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രാജ്ദീപ് മജുംദാര്‍ ചൂണ്ടിക്കാട്ടി. ടെന്‍ഡര്‍ പ്രക്രിയയിലൂടെ സര്‍ക്കാര്‍ പണം വകമാറ്റിയതില്‍ അഴിമതിയുണ്ട്, അത് മുന്‍മന്ത്രിയ്‌ക്കും കുടുംബാംഗങ്ങള്‍ക്കും സാമ്പത്തിക നേട്ടമുണ്ടാക്കി. മന്ത്രിയാണ് കാര്യങ്ങളുടെ ചുക്കാന്‍ പിടിച്ചതെന്നും കോടതി പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ഇന്ദ്രനീല്‍ സെന്‍ പ്രശസ്ത ബംഗാളി ഗായകന്‍ കൂടിയാണ്.
















