ന്യൂഡൽഹി: രാജ്യത്തെ കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വിലയിൽ വൻ കുറവ് വരുന്നു. ഈ മരുന്നുകളുടെ വ്യാപാര ലാഭവിഹിതം പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്താൻ ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റി തീരുമാനിച്ചു. പുതിയ വിലകൾ 2026 നവംബർ 9 മുതൽ ഔദ്യോഗികമായി നിലവിൽ വരും. മരുന്നുകളുടെ പരിഷ്കരിച്ച വിലവിവരങ്ങൾ എൻ.പി.പി.എ വെബ്സൈറ്റിലും ‘ഫാർമ സഹി ദാം’ ആപ്പിലും രോഗികൾക്ക് പരിശോധിക്കാവുന്നതാണ്.
വിലയേറിയ കാൻസർ മരുന്നുകളുടെ അമിതവിലയും ഉയർന്ന വ്യാപാര മാർജിനുകളും തടയുക, രോഗികൾക്ക് ചികിത്സ എളുപ്പമാക്കുക എന്നിവയാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം. പുതുക്കിയ വിലകൾ കൃത്യമായി നടപ്പിലാക്കാനും ഹോസ്പിറ്റലുകളിലും ഫാർമസികളിലും വിലവിവരങ്ങൾ പ്രദർശിപ്പിക്കാനും ചില്ലറ വ്യാപാരികൾക്കും ആശുപത്രികൾക്കും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളോട് ഉൽപ്പാദനവും വിതരണവും തടസ്സമില്ലാതെ തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇമ്മ്യൂണോതെറാപ്പി മരുന്നുകൾ, സ്തന-പ്രോസ്റ്റേറ്റ് കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ‘ഡെനോസുമാബ്’, കീമോതെറാപ്പിയുമായി ബന്ധപ്പെട്ട പാർശ്വഫലങ്ങൾ തടയാനുള്ള ‘പെഗ്ഫിൽഗ്രാസ്റ്റിം’, വൻകുടൽ, അണ്ഡാശയ, ഗർഭാശയ കാൻസർ ചികിത്സയ്ക്കുള്ള ‘ബെവാസിസുമാബ്’ തുടങ്ങിയ 137 നോൺ-ഷെഡ്യൂൾഡ് മരുന്നുകളാണ് ഈ വിലക്കയറ്റ നിയന്ത്രണത്തിന്റെ പരിധിയിൽ വരുന്നത്.
കൂടാതെ പെംബ്രോലിസുമാബ്, ഡുർവാലുമാബ്, ഒസിമെർട്ടിനിബ് തുടങ്ങിയ മരുന്നുകളുടെയും പരമാവധി ചില്ലറ വില സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിൽ കുറയും. ഇറക്കുമതി ചെയ്തതും തദ്ദേശീയമായി നിർമ്മിച്ചതുമായ ബ്രാന്റഡ്, ജനറിക്, പേറ്റന്റുള്ളതും അല്ലാത്തതുമായ എല്ലാ മരുന്നുകൾക്കും ഈ വിലക്കുറവ് ബാധകമായിരിക്കും.
















