കൊച്ചി : നെടുമ്പാശേരി വാഹനാപകടത്തില് കാര്യങ്ങള് നിയമപരമായി മുന്നോട്ടുപോകട്ടെയെന്ന് പ്രതി സുഹൈലിന്റെ മാതാവ് നൂഹ സജീവ്. മരിച്ച മൂന്നുപേരുടെയും കുടുംബങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് ഇൻസ്റ്റഗ്രാം വീഡിയോയിൽ നൂഹാ പറഞ്ഞു. ആലപ്പുഴയിലും കൊച്ചിയിലുമുള്ള പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ഇഹ ഡിസൈൻസിന്റെ ഉടമ കൂടിയാണ് നൂഹാ.
‘കഴിഞ്ഞദിവസം നടന്ന അപകടത്തിൽ ഒരു അമ്മ എന്ന രീതിയിലും ഒരു സ്ത്രീ എന്ന രീതിയിലും എനിക്ക് പറയാനുള്ള ചില കാര്യങ്ങൾ പറയാനാണ് ഈ വീഡിയോ ചെയ്യുന്നത്. നമുക്ക് നഷ്ടമായത് മൂന്ന് വിലപ്പെട്ട കുഞ്ഞുങ്ങളുടെ ജീവനാണ്. ഒരു കുഞ്ഞ് നഷ്ടപ്പെടുമ്പോഴുള്ള അമ്മയുടെ വേദന എനിക്ക് അറിയാം. എന്റെ വാക്കുകൾ കൊണ്ട് അവരുടെ ദുഃഖം മാറില്ലെന്ന് എനിക്കറിയാം. അപകടം സംബന്ധിച്ച് അന്വേഷണം നടക്കട്ടെ. നിയമം നിയമപരമായി മുന്നോട്ട് പോകണം. എല്ലാം സത്യസന്ധമായി മാത്രം നടക്കട്ടെ. സത്യമായ വാർത്ത മാത്രം പുറത്തുവരട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്
സോഷ്യൽ മീഡിയയിൽ ഈ അപകടം ഒരുപാട് ചർച്ച ചെയ്യപ്പെടുന്നുണ്ട്. എല്ലാവർക്കും ഞങ്ങളോട് ദേഷ്യം തോന്നുമെന്നും അറിയാം. പക്ഷേ ഈ അവസ്ഥയിൽ കുറച്ച് സ്വകാര്യത എനിക്കും എന്റെ കുടുംബത്തിനും തരണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഞങ്ങളുടെ ഒരു സാധാരണ കുടുംബമാണ്. ഇത്തരം വാർത്തകൾ പ്രചരിക്കുമ്പോൾ ഞാനും ഒരു അമ്മയാണ് എന്ന് മറക്കരുത്.
എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട്. അതുപോലെ തന്നെ മരിച്ച കുഞ്ഞുങ്ങളെ ഓർത്തും എനിക്ക് സങ്കടമുണ്ട്. ഇതിന്റെ രണ്ടിന്റെയും ഇടയിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. വളരെ ബുദ്ധിമുട്ടുള്ള ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. മരിച്ചവരുടെ കുടുംബത്തിന് ഞാനും എന്റെ കുടുംബവും പിന്തുണ അറിയിക്കുന്നു. ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കുക. ഞങ്ങളെ പറ്റിയുള്ള വാർത്തകൾ പ്രചരിപ്പിക്കുമ്പോൾ ഓർക്കുക. നിങ്ങളെ പോലെ സാധാരണ മനുഷ്യരാണ് ഞങ്ങളും’- നൂഹാ സജീവ് പറഞ്ഞു.















