മുംബൈ: ആഗസ്റ്റ് ക്രാന്തി മൈതാനിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തു എന്ന ആരോപണം നിഷേധിച്ച് ബോളിവുഡ് നടൻ ഇമ്രാൻ ഖാന്റെ അഭിഭാഷകർ. പ്രക്ഷോഭത്തിൽ താരം പങ്കെടുത്തിട്ടില്ലെന്നും ആ വഴി യാദൃശ്ചികമായി കടന്നുപോവുക മാത്രമാണ് ചെയ്തതെന്നുമാണ് അഭിഭാഷകരുടെ വിശദീകരണം.
ഒക്ടോബർ 10ന് നടന്ന പ്രതിഷേധത്തിനിടെ കസ്റ്റഡിയിൽ എടുത്ത ഇമ്രാൻ ഖാൻ, ഒക്ടോബർ 28-നകം രാജ്യം വിടണമെന്ന് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിന്റെ (FRRO) നോട്ടീസ് ലഭിച്ച പശ്ചാത്തലത്തിലാണ് ഈ നിയമനടപടി.
യു എസ് പൗരനും ഒസിഐ കാർഡ് ഉടമയുമായ ഇമ്രാൻ ഖാന്റെ രാഷ്ട്രീയ ഇടപെടലുകൾ ചൂണ്ടിക്കാട്ടി ബിജെപി നേതാവ് കിരിത് സോമയ്യ പരാതി നൽകിയതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. എന്നാൽ, നാനാ ചൗക്കിലൂടെ യാത്ര ചെയ്യുകയായിരുന്ന ഇമ്രാൻ ഖാനെ പോലീസ് ബാരിക്കേഡുകൾ തടയുകയും മാധ്യമപ്രവർത്തകർ സമീപിക്കുകയുമാണ് ഉണ്ടായതെന്നും, പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തിട്ടില്ലെന്നും അഭിഭാഷകൻ സുൽഫിക്കർ മേമൻ വ്യക്തമാക്കി. അന്നത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
അനുമതിയില്ലാതെ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് ആരോപിച്ചാണ് ഇമ്രാൻ ഖാൻ ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. വിദേശ പൗരന്മാർ ഇന്ത്യയിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം വ്യക്തമാക്കി. അതേസമയം, നേരത്തെ ഇമ്രാൻ ഖാൻ പറഞ്ഞത് മറ്റൊന്നാണ്. തടവിലാക്കപ്പെടുന്നതിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് സംസാരിച്ച ഇമ്രാൻ ഖാൻ, സ്വാതന്ത്ര്യങ്ങൾ തടയപ്പെടുന്നതിനെതിരെ സംസാരിക്കാൻ ഒരു പൗരൻ എന്ന നിലയിലാണ് താൻ അവിടെയെത്തിയത് എന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാൽ താരം ഒസിഐ കാർഡ് ഉടമയായതിനാൽ ഇന്ത്യയിലെ രാഷ്ട്രീയപരമായ അവകാശങ്ങളും പൗരന്മാരുടെ ഭരണഘടനാപരമായ പ്രതിഷേധാവകാശങ്ങളും വിദേശികൾക്ക് ബാധകമല്ലെന്ന നിയമപരമായ ചർച്ചകളിലേക്കാണ് വിഷയം വഴിമാറിയിരിക്കുന്നത്.
















