മുംബൈ: മുംബൈയിലെ ഗോരെഗാവിൽ ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. ഇതേ കെട്ടിടത്തിൽ താമസിക്കുന്ന പത്ത് വയസ്സുള്ള പെൺകുട്ടിയാണ് കുഞ്ഞിനെ താഴേക്ക് എറിഞ്ഞത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ഗോരെഗാവിലെ ശിവ്ഷാഹി ബിൽഡിംഗിലാണ് നാടിനെ നടുക്കിയ ക്രൂരമായ സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ പത്തുവയസ്സുകാരിയെയും കുട്ടിയുടെ അമ്മയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
ശിവ്ഷാഹി കെട്ടിടത്തിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ഒന്നര വയസ്സുള്ള കുട്ടിയെ പത്തു വയസുകാരിയായ കുട്ടി എടുത്ത് ആറാം നിലയിൽ നിന്ന് താഴേക്ക് എറിയുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടി താഴേക്ക് വീഴുന്നതും, തുടർന്ന് പ്രതിയായ പെൺകുട്ടി ഇടനാഴിയിലൂടെ ഓടിപ്പോയി സൈക്കിളിൽ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ഈ കെട്ടിടത്തിലേക്ക് താമസം മാറിയത്. പൂച്ചയുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങളും തമ്മിൽ മുൻപ് തർക്കങ്ങൾ ഉണ്ടായിരുന്നതായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം പൊലീസിനെ അറിയിച്ചു. പത്തു വയസുകാരിയായ പെൺകുട്ടി മാനസിക അസ്വാസ്ഥ്യം നേരിട്ടിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ തെളിവ് നശിപ്പിക്കാൻ പ്രതിയുടെ കുടുംബം സിസിടിവി ക്യാമറകൾ ഓഫ് ചെയ്യാൻ ശ്രമിച്ചതായി കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു.
ദിൻഡോഷി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെയും അമ്മയെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.അതേസമയം, കുഞ്ഞിനെ താഴേക്ക് എറിഞ്ഞ പത്ത് വയസ്സുകാരിക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
















