തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളിൽ സംസ്ഥാന സർക്കാർ വ്യക്തത വരുത്തണമെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം ശ്രീ വി മുരളീധരൻ എംഎൽഎ ആവശ്യപ്പെട്ടു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് കൈമാറിയ കത്തിൽ പരാമർശിച്ചിട്ടുള്ള നാല് വിഷയങ്ങളുമായി ബന്ധപ്പെട്ട സൂചനകളിലും, തെളിവുകളിലും സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണം. മുഹമ്മദ് റിയാസിന്റെ ഭാവി ബിസിനസ് പദ്ധതികൾക്കായി ഡയറിയിൽ രേഖപ്പെടുത്തിയതായി പറയപ്പെടുന്ന കോടികളുടെ സാമ്പത്തിക സ്രോതസ്സ് എന്താണെന്ന ചോദ്യത്തിനും മറുപടി ലഭിക്കണം. മുഖ്യമന്ത്രിയും, ആഭ്യന്തരവകുപ്പും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം, നിയമസഭയിൽ മാധ്യമങ്ങളെ കാണവേ വി മുരളീധരൻ എം എൽ എ പ്രതികരിച്ചു.
പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുന്നത് കേരളത്തിലെ പ്രതിപക്ഷത്തിന് തന്നെ അപമാനകരമാണ്. ഗുരുതരമായ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ അദ്ദേഹം ആ പദവി ഒഴിഞ്ഞ് മറ്റൊരാൾക്ക് ചുമതല കൈമാറണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.
പരിസ്ഥിതിലോല പ്രദേശങ്ങളെ സംബന്ധിച്ച് നിയമസഭയിൽ അവതരിപ്പിക്കുന്ന പ്രമേയത്തെ ബിജെപി എതിർക്കാൻ ഉദ്ദേശിക്കുന്നില്ല. കേരളത്തിന്റെ പ്രത്യേകമായ പരിസ്ഥിതി സാഹചര്യങ്ങളും, ജനങ്ങളുടെ ആശങ്കകളും കണക്കിലെടുത്ത് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നതാണ് ബിജെപിയുടെ നിലപാട്. എന്നാൽ പ്രമേയത്തിൽ ആവശ്യമായ ഭേദഗതികൾ നിർദേശിക്കും.
സംസ്ഥാന സർക്കാരുകളുടെ മുൻകാല വീഴ്ചകളും ആവശ്യമായ രേഖകൾ കേന്ദ്ര സർക്കാരിന് സമർപ്പിക്കുന്നതിലെ കാലതാമസവും അന്തിമ വിജ്ഞാപനം വൈകുന്നതിന് കാരണമായിട്ടുണ്ട്. ഈ വസ്തുതകൾ മറച്ചുവെച്ച് കേന്ദ്ര സർക്കാരാണ് കാലതാമസത്തിന് ഉത്തരവാദിയെന്ന പ്രതീതി സൃഷ്ടിക്കുന്ന പ്രമേയം ശരിയല്ല.
ഹരിത ട്രിബ്യൂണലിന്റെ ഉത്തരവുകൾ നടപ്പാക്കുന്നതിലടക്കം സംസ്ഥാന സർക്കാരിന്റെ ഭാഗത്തുണ്ടായ വീഴ്ചകൾ പരിശോധിക്കാതെ കേന്ദ്രത്തെ മാത്രം കുറ്റപ്പെടുത്തുന്നത് വസ്തുതകളോടുള്ള നീതിയല്ല. ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം യഥാർഥ കാരണങ്ങൾ സഭയിൽ ചർച്ച ചെയ്യണം. നരേന്ദ്ര മോദി സർക്കാർ ജനപക്ഷത്തുനിന്ന് പ്രവർത്തിക്കുന്ന സർക്കാരാണെന്നും വി മുരളീധരൻ പറഞ്ഞു.
മംഗളൂരു മേഖലയിലെ ചില റെയിൽവേ സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള നടപടിയെ കേരളത്തോടുള്ള കേന്ദ്ര വിവേചനമായി ചിത്രീകരിക്കുന്നത് വസ്തുതകൾ മറച്ചുവെച്ചുള്ള രാഷ്ട്രീയ പ്രചരണമാണ്. ഭരണപരമായ ആവശ്യങ്ങൾക്കനുസരിച്ച് റെയിൽവേ ഡിവിഷനുകളിലും, സോണുകളിലും കാലാകാലങ്ങളിൽ മാറ്റങ്ങൾ വരുത്താറുണ്ട്. ഇത്തരം മാറ്റങ്ങളെ കേരളത്തിന്റെ വികസനം തടയാനുള്ള നീക്കമായി വ്യാഖ്യാനിക്കുന്നത് ശരിയല്ല.
2007 നവംബർ ഒന്നിന് മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന യുപിഎ സർക്കാരിന്റെ കാലത്ത് സേലം റെയിൽവേ ഡിവിഷൻ രൂപീകരിച്ചതും പാലക്കാട് ഡിവിഷനിൽനിന്ന് 78 റെയിൽവേ സ്റ്റേഷനുകൾ മാറ്റിയതും മറക്കരുത്. അന്ന് പാലക്കാട് ഡിവിഷനെ വിഭജിച്ച നടപടിയെക്കുറിച്ച് മൗനം പാലിച്ചവർ ഇന്ന് ഏതാനും സ്റ്റേഷനുകൾ മറ്റൊരു ഡിവിഷനിലേക്ക് മാറ്റുന്നതിന്റെ പേരിൽ കേന്ദ്ര സർക്കാരിനെതിരെ ആരോപണമുന്നയിക്കുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണ്.
യുപിഎ സർക്കാരിന്റെ കാലത്ത് കേരളത്തിന് റെയിൽവേ ബജറ്റിൽ ശരാശരി 372 കോടി രൂപ മാത്രമാണ് ലഭിച്ചിരുന്നതെങ്കിൽ 2026–27 സാമ്പത്തിക വർഷത്തിൽ അത് 3,795 കോടി രൂപയായി ഉയർന്നു. കേരളത്തിലെ റെയിൽവേ വികസനത്തിന് നരേന്ദ്ര മോദി സർക്കാർ നൽകുന്ന മുൻഗണനയുടെ തെളിവാണിത്.
ഒരു ഡിവിഷന്റെയോ, സോണിന്റെയോ വരുമാനവും അവിടുത്തെ വികസനപ്രവർത്തനങ്ങളും തമ്മിൽ നേരിട്ടുള്ള ബന്ധമില്ലെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാൽ ഡിവിഷൻ മാറ്റത്തിന്റെ പേരിൽ കേരളത്തിന്റെ വികസനം തടസ്സപ്പെടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.
കേരളത്തിൽ 20,000 കോടിയിലധികം രൂപയുടെ റെയിൽവേ വികസന പദ്ധതികളാണ് നിലവിൽ നടപ്പാക്കിവരുന്നത്. ഒമ്പത് മൾട്ടി ട്രാക്കിങ്, പുതിയ പാതാ പദ്ധതികൾ, 145 റെയിൽവേ മേൽപ്പാലങ്ങളും അടിപ്പാതകളും, 19 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
കേരളത്തിന്റെ റെയിൽവേ വികസനത്തിന് കേന്ദ്ര സർക്കാർ വലിയ നിക്ഷേപം നടത്തുമ്പോൾ മംഗളൂരു മേഖലയിലെ നാലോ അഞ്ചോ സ്റ്റേഷനുകൾ മറ്റൊരു ഡിവിഷനിലേക്ക് മാറ്റിയതിനെ മാത്രം ഉയർത്തിക്കാട്ടി കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്.
ഈ വിഷയങ്ങളിൽ പാർലമെന്റിലും, നിയമസഭയിലും വിശദീകരണം നൽകാൻ മതിയായ സമയം ലഭിക്കാത്ത സാഹചര്യത്തിലാണ് മാധ്യമങ്ങളിലൂടെ വസ്തുതകൾ പൊതുജനങ്ങളിലെത്തിക്കുന്നത്. രാഷ്ട്രീയ ആരോപണങ്ങൾക്കപ്പുറം കണക്കുകളും യാഥാർഥ്യങ്ങളും പരിശോധിക്കാൻ എല്ലാവരും തയ്യാറാകണം.
കേരളത്തിന്റെ വികസനവും, ജനങ്ങളുടെ താൽപര്യങ്ങളും സംരക്ഷിക്കുന്നതിനൊപ്പം കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് തെറ്റായ പ്രചരണം നടത്താനുള്ള ശ്രമങ്ങളെയും ബിജെപി ശക്തമായി ചെറുക്കുമെന്ന് വി മുരളീധരൻ MLA വ്യക്തമാക്കി. ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
















