ശാസ്താംകോട്ട: മുതുപിലാക്കാട് പാര്ത്ഥസാരഥി ക്ഷേത്രത്തിലും പരിസരത്തും ഡിവൈഎഫ്ഐ ഗുണ്ടാസംഘങ്ങള് നടത്തിയ അക്രമ സംഭവങ്ങളില് ആഴ്ചകള് കഴിഞ്ഞിട്ടും ക്ഷേത്ര ഭരണസമിതിയുടെ പരാതിയില് നടപടി സ്വീകരിക്കാത്ത പോലീസിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്ത് വരുമെന്ന് ക്ഷേത്ര ഭരണസമിതി ഭാരവാഹികള്.
ക്ഷേത്രത്തില് നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആഴ്ചകള് കഴിഞ്ഞിട്ടും ശാസ്താംകോട്ട പോലീസ് കേസെടുക്കുകയോ തുടര്നടപടികള് സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ക്ഷേത്ര വഞ്ചിയും അതിന്റെ മുകളില് സ്ഥാപിച്ചിരുന്ന ശ്രീകൃഷ്ണവിഗ്രഹവും അടിച്ചുതകര്ത്തു. ജന്മാഷ്ടമിയുടെ ഭാഗമായി ക്ഷേത്രത്തിനുസമീപം സ്ഥാപിച്ചിരുന്ന കൊടിമരം നശിപ്പിച്ചു. ഭരണസമിതിയുമായി ബന്ധപ്പെട്ട് സജീവമായി രംഗത്തുള്ള സൈനികന് അടക്കമുള്ളവരുടെ വീടുകളില് രാപകല് വ്യത്യാസം ഇല്ലാതെ പോലീസ് കയറി ഇറങ്ങുകയാണ്. ഇതൊന്നും ഗൗരവമായി കാണാതെ പ്രതികളുടെ പക്ഷം ചേര്ന്നുള്ള അന്യായമായ നടപടിയാണ് പോലീസ് നടത്തുന്നത്. ഇത് ന്യായീകരിക്കാന് കഴിയില്ല.
ഭരണസമിതിയുടെ പരാതിയില് പോലീസ് കാട്ടുന്ന ഈ നീതികേടിനെതിരെ നൂറുകണക്കിന് ഭക്തരെ പങ്കെടുപ്പിച്ചുകൊണ്ട് പോലീസ് സ്റ്റേഷന് മാര്ച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികള് വരുംദിവസങ്ങളില് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള് വാര്ത്താസമ്മേളനത്തില് വ്യക്തമാക്കി. അക്രമികള് തകര്ത്ത ക്ഷേത്രവഞ്ചിയും ശ്രീകൃഷ്ണവിഗ്രഹവും പുനസ്ഥാപിക്കണമെങ്കില് ദേവപ്രശ്നം നടത്തണം. പരിഹാരക്രിയകള് ചെയ്യണമെന്നും ക്ഷേത്രം തന്ത്രി അറിയിച്ചിരുന്നു. ഇതിന് അഞ്ചുലക്ഷം രൂപയോളം ചെലവ് വരും. ഇതിനായി പ്രതികളുടെ സ്വത്ത് വകകള് കണ്ടുകെട്ടണം. ഇതിനൊന്നും തയ്യാറാവാതെയാണ് പ്രതികളെ കണ്ടെത്താന് സഹായിച്ച ഭക്തരുടെ വീട്ടില് പോലീസ് അഴിഞ്ഞാട്ടം നടത്തുന്നതെന്നും ഭരണസമിതി ഭാരവാഹികള് ആരോപിച്ചു.
തെക്കന് കേരളത്തിലെ പ്രസിദ്ധമായ പാര്ത്ഥസാരഥി ക്ഷേത്രത്തില് നടത്തിയ ആക്രമസംഭവത്തിലെ പ്രധാന പ്രതികള് പലരും ജില്ലാ കോടതിയെ മുന്കൂര് ജാമ്യത്തിനായി സമീപിച്ചു. ഇവരുടെ ആരുടെയും വീടുകളില് പോലീസ് എത്താതിരുന്നതും പോലീസും സിപിഎം നേതാക്കളുമായുള്ള ഒത്തുകളി വ്യക്തമാക്കുന്നു. വിശ്വാസികളുടെ മനസ്സിനെ വ്രണപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പിടികൂടാത്ത പക്ഷം സമരപരിപ ാടികള് ശക്തമാക്കും. വിശ്വാസികളായ സ്ത്രീകളടക്കം നൂറുകണക്കിന് ഭക്തരെ പങ്കെടുപ്പിച്ച് പോലീസ് സ്റ്റേഷനിലേക്ക് നാമജപ ഘോഷയാത്ര നടത്തുമെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ ആര് ജി പിള്ള,സെക്രട്ടറി ശശികുമാര് എന്നിവര് അറിയിച്ചു.
















