തിരുവനന്തപുരം: ശബരിമലയിലെ മണ്ഡലകാല പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എന്തിന് ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനെ നിമയിച്ചു എന്ന ചോദ്യമുയര്‍ത്തി ഹിന്ദു ഐക്യവേദി. ശബരിമലയില്‍ അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റായി (എഡിഎം) ഐഎഎസ് ഉദ്യോഗസ്ഥൻ ദിലീപ് കൈനിക്കരയെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബു സോഷ്യല്‍ മീഡിയയില്‍ കുറിപ്പുമായി എത്തിയത്. .
ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയത് ദുരുദ്ദേശ്യപരമാണെന്നും ശബരിമലയുടെ പവിത്രതയെ ബാധിക്കുന്നതാണെന്നാണ് ഹിന്ദു ഐക്യവേദിയുടെ വാദം. സന്നിധാനം, പമ്പ, നിലയ്ക്കല്‍ തുടങ്ങിയ മേഖലകളിലെ സർക്കാർതല ഏകോപനത്തിന് നാളിതുവരെ വിശ്വാസികളായ ഹിന്ദു ഉദ്യോഗസ്ഥരെ മാത്രമാണ് നിയോഗിച്ചിരുന്നത്.
ഇതിന് കടകവിരുദ്ധമായി എന്തിന് ക്രിസ്ത്യന്‍ സമുദായക്കാരനെ നിയമിച്ചു? ആചാരപരമായ ചടങ്ങുകളില്‍ വ്രതമനുഷ്ഠിച്ച് പങ്കെടുക്കേണ്ട ചുമതലയാണ് എഡിഎമ്മിനുള്ളത്. കോടതി നിയോഗിക്കുന്ന സ്പെഷ്യല്‍ കമ്മീഷണർ, ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി തുടങ്ങിയ സ്ഥാനങ്ങളില്‍ ഇതുവരെ ഹിന്ദു ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍, ഒരു ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതലയിലേക്ക് ക്രൈസ്തവ ഉദ്യോഗസ്ഥനെ കൊണ്ടുവന്നതിലൂടെ ശബരിമലയെ മതേതര കേന്ദ്രമാക്കി മാറ്റി ഹിന്ദുക്കളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് യുഡിഎഫ് സർക്കാർ നടത്തുന്നതെന്നും ആർ.വി ബാബു ആരോപിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ശബരിമല ഭരിക്കാൻ UDF സർക്കാർ ഒരു ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുന്നു!.
ശബരിമലയില്‍ മണ്ഡലകാലത്തെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ADM ആയി ഒരു ക്രിസ്ത്യൻ ഐ എ എസ് ഉദ്യോഗസ്ഥനായ ദിലീപ് കൈനിക്കരയെ സർക്കാർ നിയമിച്ചതായി അറിയുന്നു. നാളിതുവരെ ശബരിമല സന്നിധാനത്തിലും പമ്പയിലും നിലയ്ക്കലുമടങ്ങുന്ന പ്രദേശങ്ങളുടെ പ്രവർത്തനം സർക്കാർ തലത്തില്‍ ഏകോപിപ്പിക്കാൻ വിശ്വാസികളായിട്ടുള്ള ഹിന്ദു ഉദ്യേഗസ്ഥരെയാണ് നിയമിച്ചിരുന്നത്. എന്നാല്‍ ഒരു ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ദുരുദേശപരവും ശബരിമലയുടെ വിശ്വാസ്യതയ്ക്ക് കളങ്കമുണ്ടാക്കലുമാണ്.ആചാരപരമായ കാര്യങ്ങളില്‍ വരെ ശബരിമലയില്‍ വ്രതധാരിയായി പങ്കെടുക്കേണ്ട വ്യക്തിയാണ് ADM . കോടതി നിശ്ചയിക്കുന്ന സ്പെഷ്യല്‍ കമ്മീഷണറും നിയമപാലനത്തിനുള്ള പോലീസ് ഹെഡ്ഡും നാളിതുവരെ ഹിന്ദുക്കളായിരുന്നു. ഒരു ഹിന്ദു ക്ഷേത്രത്തിന്റെ നടത്തിപ്പിന് ഒരു ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിക്കുകവഴി യു ഡി എഫ് സർക്കാർ ശബരിമലയെ ഒരു മതേതര കേന്ദ്രമാക്കി ഹിന്ദുക്കളുടെ അവകാശം നഷ്ടപ്പെടുത്താനുള്ള ഗൂഢനീക്കമാണ് നടത്തുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു.
















