വന്ദേമാതരത്തിന്റെ നൂറ്റിയന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന ദ്വിദിന സെമിനാര്‍ തടസ്സപ്പെടുത്താന്‍ ഇടതു-വലത്, ജിഹാദി ശക്തികള്‍ നടത്തിയ ശ്രമങ്ങള്‍ കുറച്ച് ശബ്ദശല്യം സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്. സര്‍വകലാശാല ഔദ്യോഗികമായി സംഘടിപ്പിച്ച പരിപാടി അദ്ധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സജീവ പങ്കാളിത്തത്തോടെ വലിയ വിജയമാവുകയും ചെയ്തു. രാജ്യത്തിന്റെ വൈചാരിക മേഖലയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രജ്ഞാ പ്രവാഹ് എന്ന സംഘടനയുടെ ദേശീയ സംയോജക് ജെ. നന്ദകുമാര്‍ പങ്കെടുത്തതിന്റെ പേരിലാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം നടത്തിയത്. സെമിനാര്‍ ഹാളിലേക്ക് തള്ളിക്കയറി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച ഇവരെ പോലീസ് സ്വാഭാവികമായും അറസ്റ്റ് ചെയ്തു നീക്കി. കേന്ദ്ര സാഹിത്യ അക്കാദമി, അഖില ഭാരതീയ സാഹിത്യ പരിഷത്ത് എന്നിവയുടെ സഹകരണത്തോടെയാണ് സര്‍വകലാശാല സെമിനാര്‍ സംഘടിപ്പിച്ചത്.
ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ ജെ. നന്ദകുമാര്‍ ആര്‍എസ്എസ് പ്രചാരകനാണ്. ഇത് ആരും എവിടെയും മറച്ചു പിടിച്ചിട്ടുമില്ല. ഇങ്ങനെ ഒരാള്‍ക്ക് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു സര്‍വകലാശാലയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ യാതൊരു വിലക്കുമില്ല. ആര്‍എസ്എസുമായി ബന്ധമുള്ള, അതില്‍ അഭിമാനിക്കുന്ന നിരവധി പേര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍മാര്‍ പോലുമാണ്. നരേന്ദ്ര മോദി സര്‍ക്കാരിന് മുന്‍പും ഇപ്പോഴും ഇങ്ങനെയുള്ളവരുണ്ട്. രാജ്യത്തിന്റെ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ഗവര്‍ണര്‍മാരും മന്ത്രിമാരും ആര്‍എസ്എസ് ബന്ധമുള്ളവരാണ്. അതുകൊണ്ട് ആര്‍എസ്എസ് ബന്ധമുള്ളവര്‍ സര്‍വകലാശാലാ പരിപാ
ടികളില്‍ പങ്കെടുക്കരുതെന്ന് പറയുന്നവര്‍ വെള്ളരിക്കാപ്പട്ടണത്തില്‍ കഴിയുന്നവരാണ്. ഇടതു പാര്‍ട്ടികളില്‍ അംഗത്വമുള്ളവരും കോണ്‍ഗ്രസ് അനുയായികളുമായ ബുദ്ധിജീവികളെയും ചരിത്രകാരന്മാരെയും സര്‍വകലാശാലകളിലെ പരിപാടികളില്‍ പങ്കെടുപ്പിക്കാമെങ്കില്‍ ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ പെട്ടവര്‍ക്കും അതിനുള്ള അവകാശമുണ്ട്.
യഥാര്‍ത്ഥത്തില്‍ കേന്ദ്ര സര്‍വകലാശാലയില്‍ ഇടത്, കോണ്‍ഗ്രസ്, ജിഹാദി വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രകടിപ്പിച്ചത് ആര്‍എസ്എസിനോടുള്ള എതിര്‍പ്പല്ല. വന്ദേമാതരത്തോടുള്ള കുടിപ്പകയാണ്. അതുകൊണ്ടാണ് സെമിനാറിന്റെ രണ്ടാം ദിവസം സമാപന പരിപാടിയില്‍ പങ്കെടുത്ത ഗവര്‍ണര്‍ വിശ്വനാഥ് ആര്‍ലേക്കര്‍ക്കെതിരെയും എതിര്‍പ്പ് ഉയര്‍ത്തിയത്. രാജ്യത്തിന്റെ ഐക്യവും ദേശീയ ബോധവും ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് വന്ദേമാതരത്തോടുള്ള എതിര്‍പ്പെന്ന് ഗവര്‍ണര്‍ സമാപന പ്രസംഗത്തില്‍ വ്യക്തമാക്കുകയും ചെയ്തു. വന്ദേമാതര സെമിനാറിനോട് കാണിച്ച പ്രതിഷേധം ഒറ്റപ്പെട്ടതല്ലെന്നും, ദല്‍ഹി മുതല്‍ പ്രാദേശികതലം വരെ പ്രകടമാകുന്ന ഇത്തരം പ്രവണതകള്‍ക്കു പിന്നിലെ ദേശവിരുദ്ധ ശക്തികളെ തിരിച്ചറിയണമെന്നും ഗവര്‍ണര്‍ പറഞ്ഞു. അതോടെ, ഗവര്‍ണര്‍ വിദ്യാര്‍ത്ഥികളെ ദേശദ്രോഹികളെന്ന് വിളിച്ചുവെന്നായി പ്രചാരണം. വന്ദേമാതരത്തെ എതിര്‍ക്കുന്നത് ദേശദ്രോഹപരം തന്നെയാണ്. വിദ്യാര്‍ത്ഥികള്‍ ചെയ്താലും അത് അങ്ങനെതന്നെ.
ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലും ദല്‍ഹി സര്‍വകലാശാലയിലും ഇടത്, ജിഹാദി, കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനകളില്‍പ്പെട്ടവര്‍ ഭാരതത്തെ തുണ്ടം തുണ്ടമാക്കുമെന്നും മറ്റുമുള്ള ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ കണ്ടതും. വന്ദേമാതരത്തോടുള്ള ജിഹാദി ശക്തികളുടെ എതിര്‍പ്പ് ചരിത്രപരമാണ്. മതേതരത്വത്തെ അംഗീകരിക്കാത്ത ഇവര്‍ ഭാരതത്തെ വെട്ടി മുറിച്ച് പാകിസ്ഥാന്‍ നേടി പോയവരാണ്. മതത്തിന്റെ പേരില്‍ ഭീകരവാദ ആക്രമണങ്ങള്‍ നടത്തി ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന പാകിസ്ഥാന്റെ താല്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരാണ് വീണ്ടും വന്ദേമാതരത്തോട് എതിര്‍പ്പുമായി രംഗത്തുവരുന്നത്. ഇവര്‍ വിദ്യാര്‍ത്ഥികളെ കരുക്കളാക്കുകയാണ്. ഈ ഹാലിളക്കം അവസാനിപ്പിച്ചേ മതിയാവൂ. കാസര്‍കൊട്ട് കണ്ടത് അതിന്റെ ഭാഗമാണ്.
















