ന്യൂഡൽഹി : ഭാവി പ്രധാനമന്ത്രിയായി സ്വയം പറയുന്ന രാഹുൽ ഗാന്ധി യഥാർത്ഥത്തിൽ ഭീരുവാണെന്ന് ഭാരത് രാഷ്‌ട്ര സമിതി (ബിആർഎസ്) വർക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവു . ഡോ. മന്നെ കൃഷാങ്കിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് രാഹുൽ ഗാന്ധിക്കും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കുമെതിരെ രാമറാവു രൂക്ഷമായ വിമർശനം ഉന്നയിച്ചത്.
“പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്ന രാഹുൽ ഗാന്ധി ഭീരുവിനെയും, ഗുണ്ടയെയും, ജനാധിപത്യവിരുദ്ധമായ രീതിയിൽ പെരുമാറുന്ന ഒരാളെയും പോലെയാണ് പ്രവർത്തിക്കുന്നത്. ഭരണഘടനയെക്കുറിച്ച് പ്രസംഗിക്കുന്ന അദ്ദേഹം, തന്റെ പാവയായ രേവന്ത് റെഡ്ഡിയിലൂടെ തെലങ്കാനയിൽ അരാജകത്വം സൃഷ്ടിക്കുകയും കൂറുമാറ്റത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു,” രാമറാവു ആരോപിച്ചു.
തെരുവുകളിൽ ‘വോട്ട് ചോർച്ച’ നടക്കുന്നുവെന്ന് രാഹുൽ സമരം നടത്തുന്നുണ്ടെങ്കിലും, തെലങ്കാനയിലെ ഏറ്റവും വലിയ വോട്ട് മോഷ്ടാവിനെയും ‘വോട്ടിന് പണം’ എന്ന കുപ്രസിദ്ധ ഇടപാടുകാരനെയുമാണ് അദ്ദേഹം മുഖ്യമന്ത്രിയാക്കിയതെന്ന് റാവു ചൂണ്ടിക്കാട്ടി. രാഹുലിന് ആർക്കെതിരെയും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാമെങ്കിലും, അനുമുല കുടുംബത്തിന്റെ അഴിമതിക്കെതിരെ തെളിവുകൾ സഹിതം വെല്ലുവിളി ഉയർത്തിയതിനാണ് ബിആർഎസ് വക്താവ് കൃഷാങ്ക് മന്നെയെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി റെഡ്ഡിയുടെ കുടുംബത്തിന്റെ സാമ്പത്തിക-വാണിജ്യ ഇടപാടുകളെക്കുറിച്ച് കൃഷാങ്ക് ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് ഗോപാലപുരം പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
















