വാഷിംഗ്ടൺ: 2026-ലെ നോബൽ സമാധാന പുരസ്‌കാരത്തിന് താൻ അർഹനാണെന്ന് അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നോർവീജിയൻ നോബൽ കമ്മിറ്റി ഈ വർഷത്തെ സമാധാന നൊബേൽ പുരസ്കാരം വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ട്രംപ് തന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി രംഗത്തെത്തിയത്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് ആണ് ട്രംപ് മനസ്സ് തുറന്നത്. എന്നാൽ കമ്മിറ്റിയുടെ തീരുമാനം എന്തായിരിക്കുമെന്ന് അറിയില്ലെന്നും, തന്നെപ്പോലുള്ളവർക്ക് പുരസ്‌കാരം നൽകാതിരിക്കുന്ന ചരിത്രമാണ് അവർക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മറ്റാരും ചെയ്യാത്ത കാര്യങ്ങളാണ് ഞാൻ ചെയ്തത്. ഞാൻ വീമ്പുപറയുകയല്ല, വസ്തുതകൾ മാത്രമാണ് പറയുന്നത്. എട്ട് യുദ്ധങ്ങൾ ഞാൻ അവസാനിപ്പിച്ചു. ഒരു പ്രസിഡന്റും ഇത്രയും യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടാകില്ല,” ട്രംപ് പറഞ്ഞു. മറ്റൊരു വലിയ നേട്ടം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം സൂചന നൽകി.
ഇന്ത്യ–പാകിസ്ഥാൻ, ഇസ്രയേൽ–ഇറാൻ, കംബോഡിയ–തായ്ലൻഡ്, സെർബിയ–കൊസോവോ, റുവാണ്ട–കോംഗോ, ഈജിപ്ത്–എത്യോപ്യ, അർമേനിയ–അസർബൈജാൻ തുടങ്ങിയ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളിൽ താൻ ഇടപെട്ടതായാണ് ട്രംപിന്റെ അവകാശവാദം.
എന്നാൽ ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തിൽ യുഎസ് ഇടപെട്ടെന്ന ട്രംപിന്റെ വാദം ഇന്ത്യ നേരത്തെ തള്ളിയിരുന്നു. ഇരുരാജ്യങ്ങൾക്കുമിടയിലെ വിഷയത്തിൽ മൂന്നാംകക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.
അതേസമയം, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. കൂടാതെ ഇറാനുമായുള്ള സംഘർഷവും ആഗോളതലത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ലിയോ മാർപ്പാപ്പ, അന്താരാഷ്‌ട്ര ക്രിമിനൽ കോടതി തുടങ്ങിയവരാണ് ഇത്തവണത്തെ നോബൽ സമാധാന പുരസ്‌കാരത്തിനായുള്ള സാധ്യതാ പട്ടികയിൽ മുന്നിലുള്ളത്.
















