ന്യൂദല്‍ഹി: സര്‍ക്കാര്‍ തലപ്പത്ത് തുടര്‍ച്ചയായ 25 വര്‍ഷത്തെ പൊതുസേവനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് രാവിലെ സരോജിനി നഗറിലുള്ള ശ്രീ വിനായക ക്ഷേത്ത്രില്‍ അദ്ദേഹം ദര്‍ശനം നടത്തി.പൂജകളിലും പങ്കുചേര്‍ന്നു.
തുടര്‍ന്ന് ന്യൂദല്‍ഹിയില്‍ ‘വികസിത് ഭാരത് സങ്കല്‍പ്പ് സഭ’യെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയും 2047-ഓടെ വികസിത രാഷ്‌ട്രമെന്ന സ്വപ്നം ഇന്ത്യ തീര്‍ച്ചയായും സാക്ഷാത്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരുകാലത്ത് നയപരമായ സ്തംഭനാവസ്ഥയുടെ പേരില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഇന്ത്യ, ഇന്ന് വര്‍ദ്ധിച്ചുവരുന്ന കരുത്തിന്റെയും അതിജീവനശേഷിയുടെയും പേരില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണെന്ന് മോദി പറഞ്ഞു. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ സാഹചര്യം പൂര്‍ണമായും മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍കാലങ്ങളില്‍ ഇറക്കുമതി വര്‍ദ്ധിപ്പിക്കാനായിരുന്നു ശ്രമങ്ങള്‍ നടന്നിരുന്നതെങ്കില്‍, ഇന്ന് ഇന്ത്യ കയറ്റുമതിയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്ന് മോദി പറഞ്ഞു.
ആവശ്യമായ മൊബൈല്‍ ഫോണുകള്‍ മുന്‍പ് ഇന്ത്യ ഇറക്കുമതി ചെയ്യുകയായിരുന്നുവെങ്കില്‍, ഇന്ന് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ മൊബൈല്‍ ഫോണുകള്‍ ആഗോള വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ പരിവര്‍ത്തനത്തിന്റെ മറ്റൊരു പ്രധാന ഉദാഹരണമായി അദ്ദേഹം കൃഷിമേഖലയെ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്നതും സുസ്ഥിരവുമായ കാര്‍ഷിക വളര്‍ച്ചയ്‌ക്ക് 2015 മുതല്‍ 2025 വരെയുള്ള ദശകം സാക്ഷ്യം വഹിച്ചു. മുന്‍കാല റെക്കോര്‍ഡുകളെല്ലാം ഇത് മറികടന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ ഉദ്ദേശ്യശുദ്ധിയും കൃത്യമായി ആസൂത്രണം ചെയ്ത നയങ്ങളും ഉണ്ടാകുമ്പോള്‍ ഇത്തരം പരിവര്‍ത്തനങ്ങള്‍ സാധ്യമാകുമെന്ന് മോദി പറഞ്ഞു.
രാജ്യം ഇന്ന് തങ്ങളുടെ വെല്ലുവിളികള്‍ക്ക് ശാശ്വത പരിഹാരങ്ങള്‍ കണ്ടെത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിലെ അനുച്ഛേദം 370-മായി ബന്ധപ്പെട്ട വിഷയം ഒരുകാലത്ത് പരിഹരിക്കാനാകാത്ത ഒന്നായി തോന്നിയിരുന്നുവെങ്കിലും,ആ തടസം പൂര്‍ണമായും നീക്കം ചെയ്യപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നക്‌സലിസം രാജ്യത്തിന് ഒരു ശാപമായി കണക്കാക്കപ്പെട്ടിരുന്നെങ്കിലും, ഇപ്പോള്‍ അതിന്റെ നട്ടെല്ല് തകര്‍ക്കപ്പെട്ടുവെന്ന് മോദി നിരീക്ഷിച്ചു. ഭീകരവാദം ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായിരുന്നുവെന്നും, ഭീകരരോ അവരുടെ സൂത്രധാരന്മാരോ ഒരിക്കലും പിന്മാറില്ലെന്ന് ജനങ്ങള്‍ക്ക് തോന്നിത്തുടങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ന്, അവരുടെ ശക്തികേന്ദ്രങ്ങളില്‍ തന്നെ കടന്നുകയറി ഇന്ത്യ അവര്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഭാരതത്തിനായി വലിയ ലക്ഷ്യങ്ങള്‍ നിശ്ചയിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പൗരന്മാരുടെ അചഞ്ചലമായ വിശ്വാസവും പിന്തുണയുമാണ് തന്റെ ശക്തിയെന്ന് പറഞ്ഞ മോദി, എല്ലാ പൗരന്മാര്‍ക്കും വേണ്ടിയുള്ള പരിഹാരങ്ങള്‍ക്കാണ് നിലവിലെ സര്‍ക്കാരിന്റെ നയം മുന്‍ഗണന നല്‍കുന്നതെന്ന് വ്യക്തമാക്കി
ഇന്ന് രാവിലെ ശ്രീ വിനായക ക്ഷേത്രം സന്ദര്‍ശിച്ചതായും രാജ്യത്തിനും 140 കോടി വരുന്ന ജനങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചതായും നരേന്ദ്ര മോദി പറഞ്ഞു. ജനങ്ങളെ രാപ്പകല്‍ ഭേദമില്ലാതെ സേവിക്കാനും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാനും ആവശ്യമായ കരുത്തും ഊര്‍ജ്ജവും നല്‍കി തന്നെ അനുഗ്രഹിക്കണമെന്ന് സര്‍വശക്തനോട് പ്രാര്‍ത്ഥിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. 25 വര്‍ഷത്തിനിടെ ജനങ്ങളില്‍ നിന്ന് ലഭിച്ച വിശ്വാസവും ആ കാലയളവില്‍ നേടിയ അനുഭവസമ്പത്തും വലിയൊരു സമ്പാദ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
2001 ഒക്ടോബര്‍ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍, ഇത്തരമൊരു നാഴികക്കല്ല് പിന്നിടുന്ന സാഹചര്യം ഉണ്ടാകുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തി. ഒരു ഭരണത്തലവനെന്ന നിലയില്‍ തുടര്‍ച്ചയായി 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ദിവസമാണിതെന്നും ജനങ്ങളുടെ അചഞ്ചലമായ അനുഗ്രഹവും പിന്തുണയും കാരണമാണ് ഇത് സാധ്യമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ജനങ്ങളോടും ബിജെപിയോടും ജനാധിപത്യത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന തന്റെ എല്ലാ രാഷ്‌ട്രീയ സഹപ്രവര്‍ത്തകരോടും പ്രധാനമന്ത്രി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
ഈ അവസരത്തില്‍,നരേന്ദ്ര മോദിക്ക് ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരും മറ്റ് നിരവധി കേന്ദ്രമന്ത്രിമാരും അഭിനന്ദനങ്ങള്‍ അറിയിച്ചു.
ജപ്പാന്‍, ഭൂട്ടാന്‍, നൈജീരിയ, ഫിലിപ്പീന്‍സ്, ബെല്‍ജിയം, നേപ്പാള്‍, ബോട്‌സ്വാന, ഡൊമിനിക്ക എന്നിവിടങ്ങളിലെ നേതാക്കള്‍ ഈ നാഴികക്കല്ല് പിന്നിട്ടതില്‍ മോദിയെ അഭിനന്ദിച്ചു.
















