തിരുവനന്തപുരം: പ്രസിദ്ധ മുസ്ലീം തീര്‍ത്ഥാടന കേന്ദ്രമായ ബീമാപള്ളിയിലെ ഉറൂസ് പ്രമാണിച്ചും ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രമായ വെട്ടുകാട് പള്ളി തിരുനാള്‍ പ്രമാണിച്ചും ഇരു ആരാധനാലയങ്ങളിലേക്കും കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും. ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി തൈക്കാട് ഗസ്റ്റ്ഹൗസില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ബീമാപള്ളിയിലേക്ക് 20 ബസുകള്‍ സര്‍വീസ് നടത്തും. വെട്ടുകാട് പള്ളിയിലേക്ക് ഇക്കുറി 25 സ്പെഷ്യല്‍ സര്‍വീസുണ്ടാകും.
കിഴക്കേക്കോട്ട, ഈഞ്ചക്കല്‍, വള്ളക്കടവ്, കല്ലുമൂട് എന്നീ റൂട്ടുകളിലൂടെയാണ് ബീമാപള്ളിയിലേക്ക് സര്‍വീസ്. കിഴക്കേക്കോട്ട, പാളയം, വലിയതുറ റൂട്ടുകളിലൂടെയാണ് വെട്ടുകാട് പള്ളിയിലേക്ക് സര്‍വീസ്. ബീമാപ്പള്ളിയിലും വെട്ടുകാട് പള്ളിയിലും താത്ക്കാലിക സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് സജ്ജീകരിക്കുമെന്ന് മന്ത്രി സി പി ജോണ്‍ അറിയിച്ചു. കേടായ വൈദ്യുതി വിളക്കുകള്‍ മാറ്റി പുതിയവ പ്രകാശിപ്പിക്കുന്നതിന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കും റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. ശുദ്ധജല വിതരണം, മാലിന്യ സംസ്‌കരണം, സെപ്റ്റേജ് ക്ലീനിംഗ് എന്നിവ ഉറപ്പു വരുത്തും. ഇരു തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കും. പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. 24 മണിക്കൂറും വോളന്റിയര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തും. ഇരുചക്ര വാഹനങ്ങളില്‍ റാലി നടത്തുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണമെന്നും ഇക്കാര്യത്തില്‍ ബോധവത്കരണം നടത്തുന്നതിനായി പള്ളികളില്‍ അനൗണ്‍സ്മെന്റ് നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
















