മോസ്കോ: സൈബീരിയയിലെ പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണത്തെത്തുടര്‍ന്ന് പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യന്‍ ആരോഗ്യവിഭാഗം. വെള്ളിയാഴ്ചയാണ് 28 വയസ്സുള്ള ലാബ് ജീവനക്കാരി മരിച്ചത്. തുടര്‍ന്ന് 200 ഓളം പേരെ ക്വാറന്റൈനില്‍ ആക്കിയിരുന്നു.
ജീവനക്കാരിയുടെ മരണകാരണം സ്ഥിരീകരിക്കാത്ത ന്യുമോണിയ ബാധിച്ചാണെന്ന് വ്യക്തമാക്കിയ റഷ്യ, പകര്‍ച്ചവ്യാധിയുടെ സാധ്യതയില്ലെന്നും അതുകൊണ്ടുതന്നെ കരുതല്‍ നടപടികള്‍ അവസാനിപ്പിക്കുകയാണെന്നും അറയിച്ചു. ഇക്കാര്യം ലോകാരോഗ്യ സംഘടനയുമായി പങ്കിട്ടതായും ആരോഗ്യ നിരീക്ഷണ ഏജന്‍സിയായ റോസ്പോട്രെബ്‌നാഡ്സര്‍ പ്രസ്താവനയില്‍ പറഞ്ഞു. മരണകാരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി ലോകാരോഗ്യ സംഘടന മോസ്‌കോയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. സംഭവത്തില്‍ യു. എസ് പ്രസിഡന്‌റ് ട്രംപ് അടക്കമുളള ലോക നേതാക്കള്‍ ആശങ്ക പങ്കുവയ്‌ക്കുകയും ചെയ്തിരുന്നു.
















