ചെന്നൈ : മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു സംഘടനയ്‌ക്കും വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരമുള്ള (എഫ്.സി.ആർ.എ) രജിസ്ട്രേഷൻ അനുവദിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. വിദേശ ഫണ്ട് ഉപയോഗിച്ച് മതപരിവർത്തനം നടത്താൻ നിർബാധം അനുവാദം നൽകിയാൽ അത് രാജ്യത്തിന്റെ പരമാധികാരത്തിന് തന്നെ കടുത്ത ഭീഷണിയാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
കൊടൈക്കനാലിൽ സെൻ ധ്യാനകേന്ദ്രം നടത്തുന്ന ‘കാൻസിയോൺ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്’ എഫ്.സി.ആർ.എ രജിസ്ട്രേഷൻ നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് എം.ഡി. സുമതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഉത്തരവ്.
മതപരിവർത്തനം തടയുന്നത് സംബന്ധിച്ച എഫ്.സി.ആർ.എ നിയമത്തിലെ സെക്ഷൻ 12(4)(a)(ii) എല്ലാ മതങ്ങൾക്കും ഒരുപോലെ ബാധകമാണെന്ന് കോടതി വ്യക്തമാക്കി . ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും , എന്നാൽ അബ്രഹാമിക് മതങ്ങൾ അടിസ്ഥാനപരമായി മറ്റുള്ളവരെ ഒഴിവാക്കുന്ന സ്വഭാവമുള്ളവയാണെന്നും കോടതി പറഞ്ഞു.യഹൂദരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യവും പൂർണ്ണവുമായ വെളിപാടെന്ന് വിശ്വസിക്കുന്നു. കാരണം അവരുടെ വിശുദ്ധ ഗ്രന്ഥങ്ങൾ അവകാശപ്പെടുന്നത് അതാണ്.
ക്രിസ്തുമതം ഒരു ‘മെസ്സിയാനിക്’ (രക്ഷകനിൽ അധിഷ്ഠിതമായ) മതമാണെന്ന കാര്യം വിസ്മരിക്കാനാവില്ല. എല്ലാവരെയും യേശുക്രിസ്തുവിന്റെ പാതയിലേക്ക് കൊണ്ടുവരിക എന്നതാണ് അവരുടെ ദൈവശാസ്ത്രപരവും മതപരവുമായ ദൗത്യം. ‘പുലിക്ക് അതിന്റെ പുള്ളികൾ മാറ്റാനാവില്ല’ (സ്വഭാവം മാറ്റാനാവില്ല) എന്നൊരു ചൊല്ലുണ്ടല്ലോ,” എന്നും കോടതി പറഞ്ഞു.
തങ്ങളുടെ മുന്നിലുള്ള രേഖകൾ പരിശോധിച്ചപ്പോൾ, ധ്യാനകേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള ചിഹ്നങ്ങളും രൂപങ്ങളും ഹൈക്കോടതി ശ്രദ്ധിച്ചു. ഭാരതീയ ധ്യാന പാരമ്പര്യത്തിന്റെ ഭാഗമാണ് സെൻ ധ്യാനമെന്നും അതിനാൽ തങ്ങളുടെ പ്രവർത്തനങ്ങളെ മതപരമായി കാണരുതെന്നുമായിരുന്നു ട്രസ്റ്റിന്റെ വാദം. എന്നാൽ ട്രസ്റ്റിന്റെ സ്ഥാപകനും ജീവനാഡിയുമായ ഫാദർ അമ സാമി ഒരു ക്രൈസ്തവ പുരോഹിതനാണെന്നും കോടതി നിരീക്ഷിച്ചു.
















