കൊച്ചി : ഗ്യാനേഷ് കുമാർ സി.ഇ.സി ആയി ചുമതലയേറ്റ ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പുകളും അസാധുവാക്കുകയാണെങ്കിൽ ആദ്യം രാജിവയ്‌ക്കേണ്ടത് വി ഡി സതീശനാണെന്ന് ശങ്കു ടി ദാസ്. ഗ്യാനേഷ് കുമാർ സി.ഇ.സി ആയ ശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട 2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായ വി.ഡി. സതീശൻ തന്നെ വോട്ട് ചോരി എന്നും പറഞ്ഞു ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു ഡൽഹിയിൽ പോയി സമരം ചെയ്യുന്നതിലെ ഉളുപ്പില്ലായ്‌മ ഒന്നോർത്തു നോക്കൂവെന്നും ശങ്കു ടി ദാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം….
ഇന്നത്തെ ഡൽഹിയിലേ പ്രതിഷേധ നാടകത്തിലെ ഏറ്റവും വലിയ വിരോധാഭാസമാണ് അതിലെ വി.ഡി. സതീശന്റെ സാന്നിധ്യം.
ഗ്യാനേഷ് കുമാർ സി.ഇ.സി ആയി ചുമതലയേറ്റ ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പുകളും അസാധുവാണെന്നാണ് കോൺഗ്രസ്സിന്റെ വാദം.
കേന്ദ്ര സർക്കാറിനെ മാത്രമല്ല, സംസ്ഥാന സർക്കാരുകളെയും പിരിച്ചു വിടണം എന്നും, പേപ്പർ ബാലറ്റിലൂടെ റീ ഇലക്ഷൻ നടത്തണം എന്നുമാണ് കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഗാർഗേ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
അങ്ങനെയെങ്കിൽ ആദ്യം രാജി വെച്ചൊഴിയേണ്ട ഒരു “ഇല്ലെജിറ്റിമേറ്റ് മുഖ്യമന്ത്രി” ആണ് ശ്രീ വി.ഡി. സതീശൻ.
മൂന്ന് തവണ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ ഒരു സർക്കാരും ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയ ശേഷം അധികാരത്തിൽ വന്നതല്ല.
2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രി ആവുമ്പോൾ വി.എസ്. സമ്പത്ത് ആയിരുന്നു ചീഫ് ഇലക്ഷൻ കമ്മീഷണർ.
2019ൽ അദ്ദേഹം വീണ്ടും തിരഞ്ഞെടുപ്പ് വിജയിച്ചു അധികാരത്തിൽ ഏറിയപ്പോൾ സുനിൽ അറോറ ആയിരുന്നു സി.ഇ. സി.
2024ൽ മൂന്നാം തവണ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുമ്പോൾ രാജീവ് കുമാർ ആണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ.
2025 ഫെബ്രുവരിയിൽ മാത്രമാണ് ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി ചുമതലയേൽക്കുന്നത്.
എന്നിട്ടും ഗ്യാനേഷ് കുമാറാണ് വോട്ട് ചോരി നടത്തി മോദിയേ പ്രധാനമന്ത്രി ആക്കിയത് എന്ന പ്രതിപക്ഷ ആരോപണത്തിലെ അസംബന്ധത അവിടെ നിൽക്കട്ടെ..
പക്ഷെ ഈ ഗ്യാനേഷ് കുമാർ സി.ഇ.സി ആയ ശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട 2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായ വി.ഡി. സതീശൻ തന്നെ വോട്ട് ചോരി എന്നും പറഞ്ഞു ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു ഡൽഹിയിൽ പോയി സമരം ചെയ്യുന്നതിലെ ഉളുപ്പില്ലായ്‌മ ഒന്നോർത്തു നോക്കൂ!!
അതും പോരാഞ്ഞിട്ട് മൂപ്പർ ഭാരക്കമ്പാ പോലീസ് സ്റ്റേഷന്റെ മുന്നിൽ പോയിട്ട് എപ്പോഴേ വിട്ടയച്ചു വീട്ടിലെത്തിയ രാഹുൽ ഗാന്ധിയെ ഇപ്പൊ കാണണം എന്ന് പറഞ്ഞു ബഹളം കൂട്ടുമ്പോൾ പറയുകയാണ്..
“ഞാൻ കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ്, എനിക്ക് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെ കാണാനുള്ള അവകാശമുണ്ട്” എന്ന്.
തിരഞ്ഞെടുപ്പൊക്കെ അസാധു ആണെങ്കിൽ ഈ പ്രതിപക്ഷ നേതാവ് സ്ഥാനവും അസാധു അല്ലേ?
പൊതുതിരഞ്ഞെടുപ്പിൽ പാർലമെന്റിലെ ആകെ സീറ്റിന്റെ 10% വിജയിച്ചത് കൊണ്ടല്ലേ ആ സ്ഥാനം കിട്ടിയത്?
പക്ഷെ ഇവരുടെ യുക്തിയിൽ തിരഞ്ഞെടുപ്പ് മൊത്തത്തിൽ അസാധു ആണ്.
പക്ഷെ പ്രതിപക്ഷ എം.പിമാർക്ക് എല്ലാ പ്രിവിലേജും ഉണ്ട്.
മോദിയുടെ പ്രധാനമന്ത്രി പദവി അസാധു ആണ്.
പക്ഷെ രാഹുൽ ഗാന്ധിയുടെ പ്രതിപക്ഷ നേതൃസ്ഥാനം വരെ വളരെ ശരിയാണ്.
ഗ്യാനേഷ് കുമാർ നടത്തിയ ഒരു തിരഞ്ഞെടുപ്പും സാധുവല്ല.
പക്ഷെ വി.ഡി. സതീശൻ കേരളാ മുഖ്യമന്ത്രിയാണ്.
എന്നിട്ട് ഈ കോമാളിത്തരത്തിന് ദിവസം മുഴുവൻ ഷൈജു ദാമോദരൻ ശൈലിയിൽ റണ്ണിംഗ് കമന്ററി പറഞ്ഞു ആവേശം ഉൽപാദിപ്പിക്കാൻ കുറെ മലയാള മാധ്യമങ്ങളും.
പരമ കഷ്ടം!!
















