ന്യൂദല്‍ഹി : ചൊവ്വാഴ്ചത്തെ മന്ത്രിസഭാ തീരുമാനം സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് വലിയ ഉത്തേജനം നല്‍കുന്നതും അടുത്ത തലമുറയിലെ ഇന്ത്യന്‍ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് (SME) തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കാനും, നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കാനും, ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും ഉതകുന്ന തീരുമാനമാണുണ്ടായത്. ആഗോള വിപണികളില്‍ പ്രവേശിക്കാനും ആഗോള മൂല്യ ശൃംഖലകളുമായി സംയോജിക്കാനും ഈ തീരുമാനം അവസരമൊരുക്കുമെന്ന് അദ്ദേഹം സാമൂഹ്യ മാധ്യമത്തിലൂടെ വ്യക്തമാക്കി.
രാജ്യത്തെ ഗതാഗത മേഖലയില്‍ മികച്ച ഏകോപനം, വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ആസൂത്രണം എന്നിവയ്‌ക്കും ഗുണകരമായ തീരുമാനമെടുത്തിട്ടുണ്ട്. വിവിധ ഗതാഗത മാര്‍ഗങ്ങളുടെ സംയോജനവും ഉറപ്പാക്കുന്നതിനായി ‘ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക്‌സ് അതോറിറ്റി’ രൂപീകരിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തിന്റെ വളര്‍ച്ചാ പാതയില്‍ ഇതിന് വിപുലമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















