ന്യൂദൽഹി: പ്രതിപക്ഷ സമരമോ വൺമാൻ ഷോകളോ എന്നാണ് രാഹുലിന്റെ നേതൃത്വത്തിലുള്ള ഇൻഡി സഖ്യ സമരകക്ഷികൾ ചോദിക്കുന്നത്. തെരഞ്ഞെടുപ്പുകമ്മീഷന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റിലേക്കും തെരഞ്ഞെടുപ്പുകമ്മീഷൻ ആസ്ഥാനത്തേക്കും പ്രതിഷേധ പ്രകടനം നടത്താനാണ് ഇൻഡി സഖ്യം തീരുമാനിച്ചത്. എന്നാൽ, സമരം എങ്ങനെ, പ്രകടനം എങ്ങോട്ട്, ആരൊക്കെ നയിക്കും, എന്തൊക്കെ ചെയ്യും എന്ന കാര്യങ്ങളിൽ സഖ്യത്തിലെ മറ്റു കക്ഷിനേതാക്കൾക്ക് ആർക്കും ഒരു വിവരവുമുണ്ടായിരുന്നില്ല.
അറസ്റ്റ് വരിച്ചു
പാർലമെന്റ് സ്ട്രീറ്റിൽ ദൽഹി പോലീസ് പ്രകടനം തടഞ്ഞപ്പോൾ അവിടെ നേതാക്കൾ അറസ്റ്റുവരിക്കുക എന്നായിരുന്നു ധാരണ. അതാണ് പതിവും. ദൽഹി പോലീസ് ഏതു സമരത്തിലും ബലപ്രയോഗമോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കുന്ന നടപടിയും പൊതു ധാരണയും അങ്ങനെയാണ്. പ്രകടനവും സമരങ്ങളും പ്രതിഷേധവും അറിയിപ്പുമാണ്. പരിഹാരം കണ്ടേ പിൻവാങ്ങൂ എന്നുള്ളത് മുദ്രാവാക്യങ്ങൾ മാത്രമാണ്. പോലസ് അറസ്റ്റുചെയ്ത് കഴിഞ്ഞാൽ സമരം അവസാനിക്കുകയാണ് രീതി.
എന്നാൽ, രാഹുലിനേയും പ്രിയങ്കയേയും അവർ ആവശ്യപ്പെടുന്നതുവരെ അറസ്റ്റ് ചെയ്യേണ്ട എന്നായിരുന്നു ദൽഹി പോലീസിന്റെ തീരുമാനം.
സഖ്യകക്ഷിളെ വിശ്വാസമില്ലാതെ
കൂട്ടുകക്ഷികളെ അറിയിക്കാതെ അപ്രതീക്ഷിതമായാണ് രാഹുലും പ്രിയങ്കയും പോലീസ് ബാരിക്കേഡിനു മുകളിൽ കയറിയത്. ഇരുവർക്കും പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഉള്ളതാണ്. അത് കണക്കാക്കി, എംപിമാരായ ഇവർക്ക് പ്രത്യേക പരിഗണന നൽകുകയായിരുന്നു. എന്നാൽ ‘ഫോട്ടോ സെഷൻ’ കഴിഞ്ഞപ്പോൾ ഇരുവരും ഇറങ്ങി. ‘എല്ലാവരും തിരിച്ചുപോകുക’ എന്ന് ആഹ്വാനം ചെയ്തത് രാഹുൽ ആയിരുന്നു. ഇതനുസരിച്ച് മറ്റുകക്ഷിനേതാക്കളെല്ലാംതന്നെ പോലീസിന്റെ വാഹനങ്ങളിൽ കയറി. പ്രിയങ്കയും ഒരു വാഹനത്തിൽ കയറിയിരുന്നു. പക്ഷേ രാഹുൽ പെട്ടെന്ന് നടന്ന് തൊട്ടടുത്തുള്ള ആകാശവാണി ഭവനിലേക്ക് കടക്കുകയായിരുന്നു. അനുമതിയില്ലാതെ അകത്തുകയറാൻ പാടില്ലാത്ത സ്ഥലത്ത് സുരക്ഷാ നടപടികൾ ലംഘിച്ചാണ് രാഹുൽ ആകാശവാണിക്ക് അകത്തുകയറിയത്. ഇത് ചട്ടലംഘനമായിരുന്നു. അവിടെനിന്ന് സഹോദരി പ്രിയങ്കയെ വിളിച്ച് പോലീസ് വാഹനത്തിൽനിന്ന് ഇറക്കി ഇരുവരും ആകാശവാണി ഓഫീസ് കോമ്പൗണ്ടിൽ കയറി അവിടെയുള്ള ആൽമരച്ചുവട്ടിൽ ഇരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പുകമ്മീഷൻ ഓഫീസിൽ കടക്കുക എന്നതായിരുന്നു ലക്ഷ്യം.
എന്നാൽ, ഈ സമയം പോലീസ് വാഹനത്തിൽ ആയിരുന്ന മറ്റുകക്ഷി നേതാക്കൾ ആരും ഈ വിവരം അറിഞ്ഞില്ല. മുൻകൂട്ടി നിശ്ചയിച്ചതാണെങ്കിൽ ഈ നടപടികൾ സഖ്യകക്ഷികളെ അറിയിക്കാതിരുന്നത് അവരെ വിശ്വാസമില്ലാഞ്ഞതിനാലാണ്. അവർ പോലീസിന് വിവരം ചോർത്തിക്കൊടുക്കുമെന്ന ധാരണയിലായിരിക്കണം ആ തീരുമാനം എന്ന് നേതാക്കൾ പറയുന്നു. അങ്ങനെയാണെങ്കിൽ അത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് അവർ പറയുന്നു.
അപക്വ നടപടി
അതല്ല, അപ്പോൾ തോന്നിയത് നടപ്പാക്കിയതാണെങ്കിൽ ഇത് പ്രതിപക്ഷ നേതാവിന്റെ അപക്വ നടപടിയാണെന്നും വിമർശനങ്ങൾ ഉയരുന്നു. പ്രതിപക്ഷം മുമ്പും സമരങ്ങൾ നടത്തിയ നീണ്ട ചരിത്രമുണ്ട്. അപ്പോഴൊന്നും ഇത്തരത്തിൽ നേതാക്കൾ പെരുമാറിയിട്ടില്ല. സമരം ജനകീയ പ്രക്ഷോഭമാണ്. അത് അധികൃതരെ സമ്മർദ്ദത്തിലാക്കുക എന്നല്ലാതെ നേരിട്ട് ‘ആക്ഷൻ’ നടത്തുന്നതല്ല. ഇത് സുരക്ഷാ ലംഘനമാണ്. പ്രതിപക്ഷ നേതാവ്, രാഷ്‌ട്രീയ നേതാവ് എന്നിങ്ങനെയുള്ള പരിഗണനയിലാണ് രാഹുലിനെതിരേ സുരക്ഷാ ഉദ്യോഗസ്ഥർ നടപടിയെടുക്കാതിരുന്നത്. യന്ത്രത്തോക്കുമായി കേന്ദ്ര സേന സുരക്ഷ നിൽക്കുന്ന തന്ത്രപ്രധാനസ്ഥലമാണ് ആകാശവാണി.
ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ അപക്വമായ നടപടിയെന്ന നിലയിലാണ് രാഷ്‌ട്രീയവൃത്തങ്ങൾ ഈ നടപടികളെ വിലയിരുത്തുന്നത്.
ഈ സുരക്ഷാ ലംഘനങ്ങൾക്ക് രാഹുലിനും പ്രിയങ്കയ്‌ക്കും എതിരേ നിയമനടപടികൾ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
















