തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനത്തിന് പിന്നാലെ കോൺഗ്രസിലെ ആഭ്യന്തര തർക്കം കൂടുതൽ രൂക്ഷമാകുന്നു. താൻ ഒറ്റയ്‌ക്കാണ് വിമർശനം ഉന്നയിച്ചതെന്ന അടൂർ പ്രകാശിന്റെ വാദം സതീശൻ പക്ഷം അംഗീകരിക്കുന്നില്ല. വിമർശനങ്ങൾക്ക് പിന്നിൽ പാർട്ടിയിലെ ഉന്നത നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നാണ് ഈ വിഭാഗത്തിന്റെ വിലയിരുത്തൽ. മുഖ്യമന്ത്രി പാർട്ടി നേതൃത്വവുമായി വേണ്ടത്ര കൂടിയാലോചന നടത്തുന്നില്ലെന്ന പരാതി നേരിട്ട് എഐസിസിയെ അറിയിക്കാനും അടൂർ പ്രകാശ് നീക്കം നടത്തുന്നുവെന്നാണ് വിവരം. ഇതിന്റെ ഭാഗമായി യുഡിഎഫ് കൺവീനർ തിങ്കളാഴ്ച ഡൽഹിയിലെത്തുമെന്നാണ് സൂചന.
വിഷയത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുടെ നിലപാടും സതീശൻ പക്ഷം സംശയത്തോടെയാണ് കാണുന്നത്. കെപിസിസി പുനഃസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങൾ വൈകുന്നതും ബോധപൂർവമാണെന്ന ആരോപണവും സതീശൻ അനുകൂലികൾക്കിടയിലുണ്ട്. അടൂർ പ്രകാശ് ഔദ്യോഗികമായി പരാതി നൽകിയാൽ വിഷയം അച്ചടക്ക ലംഘനമായി ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കവും സതീശൻ പക്ഷം ആലോചിക്കുന്നതായാണ് വിവരം.
അതേസമയം, വിഷയത്തിൽ ഹൈക്കമാൻഡ് ഇടപെടൽ പ്രതീക്ഷിച്ചിരിക്കുകയാണ് വിഡി സതീശൻ വിരുദ്ധ വിഭാഗം. സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനം ഉറപ്പാക്കാൻ അടിയന്തരമായി സമിതി രൂപീകരിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. നയപരമായ നിർണായക തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് പാർട്ടിയിൽ കൂട്ടായ ആലോചന വേണമെന്നും ഈ വിഭാഗം ആവശ്യപ്പെടുന്നു.
അതേസമയം, നേതാക്കൾ പരസ്യമായി പരസ്പരം വിമർശിക്കുന്നത് ഒഴിവാക്കണമെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. പരസ്യ പ്രതികരണങ്ങളെ കെ.സി. വേണുഗോപാൽ തള്ളിപ്പറഞ്ഞ സാഹചര്യത്തിൽ, ഇനി നേതാക്കൾ പരസ്യ പ്രസ്താവനകൾ അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം.
















