തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ തുറന്ന പോര്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, യുഡിഎഫ് ചെയർമാനും മുഖ്യമന്ത്രിയുമായ വി.ഡി. സതീശനെതിരേ എഐസിസിയിൽ പരാതി കൊടുക്കാൻ തീരുമാനിച്ചതായി അറിയിച്ചു.
അടൂർ പ്രകാശ് പത്രസമ്മേളനത്തിൽ നിലപാട് പ്രഖ്യാപിച്ചു. കൺവീനറായി തുടരണോ എന്ന് എഐസിസി നിശ്ചയിക്കട്ടെ എന്നാണ് നിലപാട്. മുഖ്യമന്ത്രി ഒറ്റയ്‌ക്ക് തീരുമാനമെടുക്കുന്നു, വിവരങ്ങൾ കൺവീനർ പോലും മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. അവസാനം യുഡിഎഫ് യോഗം ചേർന്നത് ജൂലൈ 30 നായിരുന്നു. എല്ലാ മാസവും ചേരുമെന്ന് നിശ്ചയിച്ചിരുന്നു. പക്ഷേ ഉണ്ടായില്ല. ചെയർമാനെന്ന നിലയിൽ മുഖ്യമന്ത്രിയാണ് യോഗം വിളിക്കേണ്ടത്, അടൂർ പ്രകാശ് പറഞ്ഞു.
മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനെ ഭരണ പരിഷ്‌കാര കമ്മിറ്റി ചെയാർമാൻ സ്ഥാനത്തേക്ക് നിയോഗിച്ചത് തത്ത്വത്തിൽ മുസ്ലിം ലീഗിന് ആറാം മന്ത്രിയെ കൊടുത്തതുപോലെയാണെന്നാണ് വിലയിരുത്തൽ. ഈ വിവരം മാധ്യമത്തിലൂടെയാണ് അറിഞ്ഞതെന്ന് കൺവീനർ പറഞ്ഞു. എന്നാൽ, ഈ തീരുമാനം മുൻപേ എടുത്തതാണെന്ന് മുഖ്യമന്ത്രിയുടെ പക്ഷത്തുള്ള കോൺഗ്രസ് നേതാക്കൾ പറയുന്നു.
ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി പ്രകടനവും മന്ത്രിയെ തടലും സംബന്ധിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിൽ എഴുതിയത് ”
ഒരു തരത്തിലുള്ള അക്രമ പ്രവർത്തനങ്ങളും സർക്കാർ അനുവദിക്കില്ല. നാട്ടിൽ കലാപ അന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടിയുണ്ടാകും. ജനങ്ങളുടെ സമാധാന ജീവിതം ഇല്ലാതാക്കാൻ ആര് ശ്രമിച്ചാലും അവർ കടുത്ത നിയമ നടപടികൾ നേരിടേണ്ടിവരും,” എന്നായിരുന്നു. എന്നാൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞത് വിഷയം അവസാനിപ്പിക്കാൻ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി അടിയന്തിരമായി ഇടപെടണമെന്നാണ്. അതായത് സംസ്ഥാന മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കും കാര്യങ്ങൾക്ക് പരിഹാരം കാണാൻ കഴിവില്ലെന്നും സിപിഎം നേതാവിന്റെ സഹായം വേണമെന്നുമുള്ള ആഹ്വാനം വി.ഡി. സതീശൻ സർക്കാരിനെതിരേയുള്ള എഐസിസിയുടെ അതൃപ്തിയും അവിശ്വാസവുമാണ് പ്രകടിപ്പിക്കുന്നത്.
കെ.സി. വേണുഗോപാൽ പക്ഷത്തുള്ള മന്ത്രിയും കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്, യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ മന്ത്രി ഒ.കെ. ജനീഷും മുഖ്യമന്ത്രി സതീശന്റെ നിലപാടുകൾക്ക് എതിരാണ് കരിങ്കൊടി-വഴിതടയൽ വിഷയത്തിൽ.
അതേസമയം, പാർട്ടിയിൽ പറയേണ്ട വിഷയം മാധ്യമങ്ങളോട് പറയാൻ താൽപര്യമില്ലെന്നും അതല്ല ശീലമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
















