കോട്ടയം: അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാരോപിച്ച കേസില്‍ പ്രതിയെ കോട്ടയം അഡീഷണല്‍ സെഷന്‍സ് പോക്സോ സ്‌പെഷ്യല്‍ കോടതി വെറുതെവിട്ടു. തലയോലപ്പറമ്പ് ഉമ്മാന്‍കുന്ന് തങ്കച്ചനെയാണ് കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജഡ്ജി എച്ച് റോഷ്നി വെറുതെവിട്ട് ഉത്തരവായത്.
കോട്ടയം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന് ഇ-മെയിലില്‍ ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തലയോലപ്പറമ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 2023-ല്‍ പല സമയങ്ങളിലായി വീടിനുടുത്തുവച്ച് കുട്ടിയെ തങ്കച്ചന്‍ ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു കേസ്.
പ്രോസിക്യൂഷന്‍ 23 സാക്ഷികളെ വിസ്തരിച്ചെങ്കിലും പ്രതിക്കെതിരായ കുറ്റം നിയമപരമായി സംശയാതീതമായി തെളിയിക്കപ്പെട്ടില്ലെന്ന് വിലയിരുത്തി. പ്രതിക്കുവേണ്ടി ഡപ്യൂട്ടി ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സല്‍ അഡ്വ. പ്രിയ ആര്‍. ചന്ദ്രന്‍, അഡ്വ. ഗായത്രി ജി എന്നിവര്‍ ഹാജരായി.
















