ആലപ്പുഴ: കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ പതിമൂന്നുകാരിയടക്കമുള്ള പ്രതികളായ കുട്ടികളെ പുറത്തുകൊണ്ടുപോയി തെളിവെടുപ്പ് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി. ഇതുസംബന്ധിച്ച ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്‌റെ ഉത്തരവ് ഹൈക്കോടതി ശരിവെയ്‌ക്കുകയായിരുന്നു. പൊതുയിടങ്ങളില്‍ തെളിവെടുപ്പ് നടത്തുന്നതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി നേരത്തെ ഇടക്കാല സ്‌റ്റേ അനുവദിച്ചിരുന്നു.
കുട്ടികളായ പ്രതികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കി തെളിവെടുപ്പ് നടത്താമെന്നും, മാധ്യമങ്ങളെയും സാമൂഹിക മാധ്യമങ്ങളെയും അകറ്റി നിര്‍ത്താന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്‌റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പര്യാപ്തമാണെന്നും കോടതി വ്യക്തമാക്കി.
ആഗസ്റ്റ് പതിനാറിനാണ് മോഷണം ലക്ഷ്യമിട്ട് ശിവന്‍കുട്ടി എന്നയാളെ കൗമാരക്കാരടങ്ങുന്ന സംഘം കരുവാറ്റയിലെ വാടക വീട്ടില്‍ കൊലപ്പെടുത്തിയത്.
















