തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്ന് വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒക്ടോബര്‍ രണ്ടിന് ഇടുക്കി ജില്ലയിലും നാലാം തീയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് മഞ്ഞ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മൂന്നും നാലും തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കുള്ള സാദ്ധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.














