കോട്ടയം: പാലായില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തുവന്നു. കുടിവെള്ള പ്രശ്‌നത്തിന്റെ പേരില്‍ പാലായിലെ ഒരു വെജിറ്റേറിയന്‍ ഹോട്ടലിനെതിരെ നിരന്തരം വാര്‍ത്ത കൊടുത്ത് അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നിലവില്‍ പ്രസ്താവനയുമായി രംഗത്തു വരാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയെ പ്രേരിപ്പിച്ചത്. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ മറവില്‍ വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നുവെന്നാണ് ആരോപണം.പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ,ഫിഷ് മാര്‍ക്കറ്റ്, വിവിധ റസ്റ്റോറന്റുകള്‍ എന്നിവയ്‌ക്കെതിരെ വ്യാജവും അപകീര്‍ത്തിയുമായ നെഗറ്റീവ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും തുടര്‍ന്ന് പിന്‍വലിക്കുന്നതിന് പണപ്പിരിവു നടത്തുകയുമാണ് ഇത്തരം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചെയ്യുന്നതെന്നാണ് ഏകോപനസമിതി പ്രസിഡണ്ട് വക്കച്ചന്‍മറ്റത്തിലും സെക്രട്ടറി വിസി ജോസഫും പത്രക്കുറിപ്പില്‍ ആരോപിച്ചത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഭീഷണിപ്പെടുത്തി പണം വാങ്ങിയവരുടെ പേരുവിവരം പുറത്തുവിടണമെന്ന ആവശ്യവുമായി ഒരു വിഭാഗം ഓണ്‍ലൈന്‍ മാധ്യമങ്ങളും രംഗത്തുവന്നിട്ടുണ്ട്.
















