
ജീവിതത്തില്‍ ആനന്ദം നുകരാന്‍ ഇന്നു നമുക്ക്് ഏറ്റവും വലിയ തടസ്സമായി നില്ക്കുന്നതു ‘ഞാന്‍’ എന്ന ഭാവവും സ്വാര്‍ത്ഥ ചിന്തകളുമാണ്.
ഭാരതത്തിനൊരു മഹത്തായ ഭൂതകാലമുണ്ടായിരുന്നു. അതിനുകാരണം ഇവിടെ നിലനിന്നിരുന്ന യജ്ഞസംസ്‌കാരമാണ്. സമഷ്ടിയുടെ നന്മയെ ലക്ഷ്യമാക്കി ഈശ്വരാര്‍പ്പണമായി ചെയ്യുന്ന കര്‍മ്മത്തെയാണു യജ്ഞമെന്നു പറയുന്നത്. വ്യക്തിയും സമൂഹവും തമ്മില്‍ ഒരു താളലയമുണ്ട്. അതു നിലനിര്‍ത്തണമെങ്കില്‍ യജ്ഞസംസ്‌കാരം നമ്മള്‍ ഉള്‍ക്കൊള്ളണം. പ്രകൃതിയില്‍ നിന്ന് അഥവാ സമൂഹത്തില്‍ നിന്ന് എന്തെങ്കിലും എടുക്കുമ്പോള്‍ അതിനു പകരമായി പ്രകൃതിക്കു നാം എന്തെങ്കിലും നന്മ ചെയ്യേണ്ടതുണ്ട്. അതിനു ജനങ്ങള്‍ തയ്യാറായില്ലെങ്കില്‍ പ്രകൃതിയുടെ താളലയം തെറ്റും. അസ്വസ്ഥതകള്‍ പൊട്ടിപ്പുറപ്പെടും. മറിച്ച്, സമൂഹത്തില്‍ നിന്ന് എടുക്കുന്നതിനുപരി സമൂഹത്തിനു നല്കുവാന്‍ തയ്യാറായാല്‍ ആ സമൂഹത്തില്‍ ശാന്തിയും സന്തോഷവും ഐക്യവും ഐശ്വര്യവും കളിയാടും.
ഈ ലോകത്തിലെ ജീവജാലങ്ങളെല്ലാം പരസ്പരാശ്രയത്ത്വത്തിലാണു നിലനില്ക്കുന്നത്. വൃക്ഷത്തിന്റെ വേരു മണ്ണില്‍നിന്നും വെള്ളവും വളവും സ്വീകരിച്ച് ഇലകള്‍ക്കു നല്കുന്നു. ഇലകള്‍ അവയെ ആഹാരമാക്കി മാറ്റുന്നു. അങ്ങനെ വളരുന്ന വൃക്ഷം പക്ഷിമൃഗാദികള്‍ക്ക് അഭയസ്ഥാനമാകുന്നു. മൃഗങ്ങളും പക്ഷികളും സസ്യങ്ങളില്‍നിന്നും ആഹാരം സ്വീകരിച്ച് അതിന്റെ ഒരു ഭാഗം വളമായി തിരികെനല്‍കുന്നു. അങ്ങനെ പരസ്പരം പോഷിപ്പിക്കുന്നു. പക്ഷിമൃഗാദികള്‍ അവയുടെ ജന്മപ്രകൃതികൊണ്ടുതന്നെ ഈ താളലയം കാത്തുസൂക്ഷിക്കുന്നു. വൃക്ഷങ്ങള്‍ കാറ്റത്ത്് ആനന്ദിച്ചുല്ലസിക്കുന്നു, കിളികള്‍ എല്ലാം മറന്നു പാടുന്നു, നദികള്‍ കളകളനാദം മുഴക്കി ഏവര്‍ക്കും നന്മ ചെയ്‌തൊഴുകുന്നു. പൂക്കള്‍ പുഞ്ചിരിച്ചുകൊണ്ട് ഏവര്‍ക്കും സന്തോഷം പകരുന്നു. എന്നാല്‍, ഇതിന്റെയെല്ലാം നടുവില്‍ നിന്നുകൊണ്ടു മനുഷ്യന്‍ മാത്രം ദുഃഖിക്കുന്നു. കാരണം, അവന്റെയുള്ളില്‍ ഞാനെന്ന ഭാവമുണ്ട്. സ്വാര്‍ത്ഥമായ ആഗ്രഹങ്ങളുണ്ട്. അതുകൊണ്ടുതന്നെ അവന്റെ പ്രവൃത്തികള്‍ പല തരത്തിലുള്ള അസ്വസ്ഥതകളായി, സംഘട്ടനങ്ങളായി, യുദ്ധങ്ങളായി സമൂഹത്തില്‍ പടരുന്നു.
ജീവിതത്തില്‍ ആനന്ദം നുകരാന്‍ ഇന്നു നമുക്ക്് ഏറ്റവും വലിയ തടസ്സമായി നില്ക്കുന്നതു ‘ഞാന്‍’ എന്ന ഭാവവും സ്വാര്‍ത്ഥ ചിന്തകളുമാണ്. തന്നെ മറന്ന് അന്യനെ സ്‌നേഹിക്കാന്‍ നമുക്കു കഴിയുന്നില്ല. എനിക്ക് എല്ലാം കിട്ടണം. എല്ലാം സ്വന്തമാക്കണം എന്ന ഭാവമാണ് ഇന്നു നമുക്കുള്ളത്. ഈ ഭാവം മാറാതെ സമുഹത്തില്‍ ശാന്തിയും ഐശ്വര്യവും പുലരുകയില്ല. അതിനാല്‍ മറ്റുള്ളവരില്‍നിന്നു നമുക്കെന്തു ലഭിക്കും എന്ന ചിന്ത വെടിഞ്ഞു മറ്റുള്ളവര്‍ക്ക് എന്തു നല്കുവാന്‍ കഴിയും എന്ന മനോഭാവം നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. കൊടുക്കാനുള്ള മനസ്സുള്ളവന്‍ രാജാവിനെപ്പോലെയാണ്, എടുക്കാന്‍ മാത്രം ആഗ്രഹിക്കുന്നവന്‍ യാചകനെപ്പോലെയും.
ഒരിക്കല്‍ ഒരാള്‍ ദീര്‍ഘകാലമായി കാണാതിരുന്ന തന്റെ കൂട്ടുകാരനെ കാണാന്‍ പോയി. കൂട്ടുകാരന്‍ താമസിച്ചിരുന്ന ബംഗ്ലാവിന്റെ ഭംഗി നോക്കി മുറ്റത്തു നില്ക്കുമ്പോള്‍ കൂട്ടുകാരന്‍ വെളിയിലേക്കിറങ്ങി വന്നു. കുശലപ്രശ്നങ്ങള്‍ക്കുശേഷം വന്നയാള്‍ കൂട്ടുകാരനോടു ചോദിച്ചു, ”ഓ, ഈ ബംഗ്ലാവ്് വളരെ മനോഹരമായിട്ടുണ്ടല്ലോ. ഇവിടെ നിന്നോടൊപ്പം ആരൊക്കെയാണു താമസിക്കുന്നത്?’
‘ഇവിടെ ഞാന്‍ മാത്രമേയുള്ളൂ.’
‘അപ്പോള്‍, നിന്റെ സ്വന്തം വീടാണോ ഇതു്?’
‘അതെ.’
‘ഈ പ്രായത്തില്‍ ഇത്ര വലിയൊരു വീടു വയ്‌ക്കാനുള്ള പണം നിനക്കെവിടെനിന്നു കിട്ടി?’
‘എന്റെ ചേട്ടന്‍ ഒരു കോടീശ്വരനാണു്. അദ്ദേഹം വച്ചുതന്ന വീടാണിതു്.’
സുഹൃത്തു് ഒന്നും മിണ്ടാതെ നില്ക്കുന്നതു കണ്ടു വീട്ടുകാരന്‍ പറഞ്ഞു, ‘ഓ, നീ ചിന്തിക്കുന്നതെന്താണെന്നു് എനിക്കു മനസ്സിലായി. നിനക്കും ഇതുപോലൊരു ചേട്ടനുണ്ടായിരുന്നെങ്കില്‍ എന്നല്ലേ നീ ചിന്തിക്കുന്നതു്?’
സുഹൃത്തു പറഞ്ഞു, ‘അല്ല, ഞാനും നിന്റെ ചേട്ടനെപ്പോലെ ഒരു പണക്കാരനായിരുന്നെങ്കില്‍ എനിക്കും എന്റെ അനിയനു നല്ലൊരു വീടുവച്ചു കൊടുക്കുവാന്‍ കഴിയുമായിരുന്നല്ലോ എന്നാണു ഞാന്‍ ചിന്തിച്ചത്.’
ഇദ്ദേഹത്തിന്റെ മനോഭാവമാണു നമുക്കും വേണ്ടത്. കൊടുക്കുവാന്‍ പഠിക്കുക. കൊടുക്കുന്നവനേ എടുക്കുവാന്‍ അര്‍ഹതയുള്ളൂ. കൊടുക്കുവാന്‍ മനസ്സുള്ളവന്‍ എവിടെയും സ്വാഗതം ചെയ്യപ്പെടും. എടുത്തതും അനുഭവിച്ചതും നമുക്കു ക്ഷണത്തില്‍ നഷ്ടപ്പെടുന്നു. എന്നാല്‍, കൊടുത്തതും പങ്കുവച്ചതും സംതൃപ്തിയായും ഐശ്വര്യത്തെ കൊണ്ടുവരുന്ന പുണ്യമായും നമ്മുടെ കൂടെയുണ്ടാവും.
കൊടുക്കുവാനുള്ള മനസ്സു നഷ്ടമായാല്‍, അതു സമൂഹത്തിന്റെ അധഃപതനത്തിനേ വഴിതെളിക്കൂ. കൊടുക്കാന്‍ മാത്രമുള്ള മനസ്സ് വളര്‍ത്തിയെടുക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും എടുക്കുന്നതോടൊപ്പം കൊടുക്കുവാന്‍ കൂടിയുള്ള മനസ്സുള്ളവരാകാന്‍ നമുക്കു സാധിക്കണം. എങ്കിലേ രാഷ്‌ട്രത്തിന്റെയും ലോകത്തിന്റെ തന്നെയും താളലയം നിലനിര്‍ത്താന്‍ കഴിയൂ.
സഹജീവികളോടു കാരുണ്യമില്ലാത്തവനെ മനുഷ്യനെന്നു വിളിക്കാന്‍ കഴിയില്ല. പരസ്പരമുള്ള കാരുണ്യമാണു സമൂഹഭദ്രതയുടെ ആദ്യപടി. കാരുണ്യമുള്ളവര്‍ ഈശ്വരനെത്തേടി എവിടെയും പോകേണ്ട. എങ്ങും അലയേണ്ട. കാരുണ്യം നിറഞ്ഞ ഹൃദയം എവിടെയുണ്ടോ അവിടം ഈശ്വരന്റെ വാസസ്ഥാനമാണ്.